
എ.കെ.ശശീന്ദ്രൻ
(വനം മന്ത്രി, എൻ.സി.പി അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗം)
? കേരളത്തിലെ പുതിയ ചർച്ച എൻ.എസ്.എസ്- എസ്.എൻ.ഡി.പി കൈകോർക്കൽ ആണല്ലോ.
കാലഘട്ടത്തിന്റെ ആവശ്യമാണത്. വരുംനാളുകളിൽ കേരള രാഷ്ട്രീയം പുതിയ സംഭവങ്ങൾക്ക് വഴിതുറക്കുമെന്നതിന്റെ സൂചന. വലിയ മാറ്റങ്ങൾ വൈകാതെ സംഭവിക്കും. ഓരോ സമുദായ സംഘടനയ്ക്കും കേരളീയ സമൂഹത്തിലും രാഷ്ട്രീയത്തിലും വലിയ പ്രാധാന്യമുണ്ട്. അതിനെ ആരും കുറച്ചുകാണരുത്. ബോധപൂർവം ഇടതുപക്ഷ വിരുദ്ധ നീക്കം നടത്തുന്നവർക്കുള്ള തിരിച്ചടികൂടിയാവും ഇത്. അവരാരും ഇതുവരെ അവരുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചിട്ടില്ല. പക്ഷെ ഈ കൂടിച്ചേരൽ ഇടത് അനുകൂല തരംഗമുണ്ടാക്കുമെന്ന് ഉറപ്പാണ്.
? മൂന്നാം ഇടതുസർക്കാർ...
ഉറപ്പാണ് മൂന്നാം ഇടത് സർക്കാർ. വെറുപ്പിന്റെ രാഷ്ട്രീയം ഉയർത്തിവിട്ടവർക്കിടയിലേക്ക് വികസന രാഷ്ട്രീയം കടന്നുചെല്ലാൻ തുടങ്ങി. അതിന്റെ ഭയപ്പാടിലാണ് യു.ഡി.എഫ്. ജനം എല്ലാം തിരിച്ചറിയുന്നുണ്ട്. കേന്ദ്രം എല്ലാ അർത്ഥത്തിലും ദുഷ്ടലാക്കോടെ ഞെരിക്കുമ്പോഴും സാമ്പത്തിക ഭദ്രതയോടെ മുന്നോട്ടുപോകുന്ന സർക്കാരാണ് ഇവിടെയുള്ളത്. ജനങ്ങളുടെ ആവശ്യം അറിഞ്ഞ് ഇടപെടുകയും വികസനങ്ങൾക്ക് മുൻതൂക്കം നൽകുകയും ചെയ്തു. കഴിഞ്ഞ പത്തുവർഷംകൊണ്ട് കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായില്ലേ.
? തദ്ദേശത്തിലെ പരാജയം തിരിച്ചടിയല്ലേ...
പരാജയം പരാജയം തന്നെയാണ്. അതിനെ ന്യായീകരിക്കുന്നില്ല. അതിലൊരു വലിയ ശതമാനവും സർക്കാരിനെതിരെ ചിലർ ബോധപൂർവം നടത്തിയ കുപ്രചാരണത്തിന്റെ ഭാഗമാണ്. ജനം അത് തിരിച്ചറിഞ്ഞിരിക്കുന്നു. പരാജയം ഉണ്ടായെങ്കിലും എൽ.ഡി.എഫിന്റെ ജനകീയ അടിത്തറ തകർന്നിട്ടില്ലെന്ന വസ്തുതയും മുന്നിലുണ്ട്.
? ശബരിമല കൊള്ള തിരഞ്ഞെടുപ്പിനെ ബാധിക്കില്ലേ.
ബാധിക്കുന്നത് ആരെയാവും എന്ന് വരുംദിവസങ്ങളിൽ അറിയാം. അതുവച്ച് പ്രചാരണം നടത്തുന്നവർക്കുള്ള തിരിച്ചടി വൈകാതെ തന്നെ വരും. അത് കണ്ടുതുടങ്ങിയിട്ടുണ്ട്. കോടതിയുടെ മേൽനോട്ടത്തിൽ നിഷ്പക്ഷവും കാര്യക്ഷമവുമായ അന്വേഷണമാണ് നടക്കുന്നത്. കേരളത്തിലെ ഇടതുപക്ഷത്തിന് അതിൽ യാതൊരു പേടിയുമില്ല.
? നയിക്കുക ഇത്തവണയും പിണറായിയാണോ.
എന്താണ് സംശയം? പിണറായിയെപ്പോലെ ആർജ്ജവവും, പറയുന്നത് ചെയ്യാൻ കഴിവുമുള്ള ഒരു നേതാവ് മറ്റ് ഏതു മുന്നണിയിലുണ്ട്? പിണറായിയുടെ കരുത്തിലാണ് കേരളം ചരിത്രത്തിലാദ്യമായി രണ്ടാം ഭരണമേറിയത്. അതുകൊണ്ടുതന്നെ മൂന്നാം സർക്കാരുമുണ്ടാകും. തിരഞ്ഞെടുപ്പിനെ പിണറായി തന്നെ നയിക്കുകയും ചെയ്യും.
? എൻ.സി.പി കൂടുതൽ സീറ്റ് ആവശ്യപ്പെടുന്നുണ്ടോ.
അങ്ങനെ ഒരാവശ്യവും പാർട്ടിയിലില്ല. നിലവിൽ മൂന്നു സീറ്റിലാണ് മത്സരിക്കുന്നത്- എലത്തൂർ, കുട്ടനാട്, കോട്ടയ്ക്കൽ. മത്സരിച്ച രണ്ടു സീറ്റിലും ജയിച്ചു. നിലവിലുള്ള സീറ്റുകളിൽത്തന്നെ ഇനിയും മത്സരിക്കും.
? എ.കെ.ശശീന്ദ്രൻ മത്സരിക്കുന്ന എലത്തൂർ സീറ്റ് വച്ചുമാറണമെന്ന് ആവശ്യമുയരുന്നുണ്ടല്ലോ...
ആരുടെ ആവശ്യം? തത്പരകക്ഷികളായ ചില മാദ്ധ്യമങ്ങൾ സൃഷ്ടിക്കുന്ന അടിസ്ഥാനരഹിത വാർത്തകളാണത്. ഇടതു മുന്നണിയിൽ അത്തരം ഒരു ആവശ്യവും ചർച്ചയും ഉണ്ടായിട്ടില്ല. ആരും ഞങ്ങളോട് അങ്ങനെയൊരു ചോദ്യവും ചോദിച്ചിട്ടുമില്ല.
? എ.കെ. ശശീന്ദ്രൻ മത്സരിക്കുന്നുണ്ടോ.
അത്തരമൊരു ചോദ്യത്തിന് പ്രസക്തിയില്ല. ആരൊക്കെ മത്സരിക്കണമെന്ന് പാർട്ടിയാണ് തീരുമാനിക്കുക. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |