
കോട്ടയം: സംസ്ഥാന രാഷ്ട്രീയത്തിലെ ശ്രദ്ധേയരായ നേതാക്കളുടെ വിടവാങ്ങലിന് ശേഷമുള്ള നിയമസഭ തിരഞ്ഞെടുപ്പാണിത്. വി.എസ്.അച്യുതാനന്ദൻ, ഉമ്മൻചാണ്ടി,കോടിയേരി ബാലകൃഷ്ണൻ,കാനം രാജേന്ദ്രൻ,ആർ.ബാലകൃഷ്ണപിള്ള...അങ്ങനെ കഴിഞ്ഞ അഞ്ചാണ്ടിൽ നിത്യതയിലായത് ഒരുപിടി നേതാക്കൾ.
ജനപ്രിയ മുഖ്യമന്ത്രിമാരായ ഉമ്മൻചാണ്ടി 2023 ജൂലായിലും വി.എസ് 2025 ജൂലായിലുമാണ് ഓർമ്മയായത്.
2004ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായപ്പോൾ വി.എസ് പ്രതിപക്ഷനേതാവായി. 2006 മുതൽ 2011 വരെ വി.എസ് മുഖ്യമന്ത്രിയായപ്പോൾ ഉമ്മൻചാണ്ടി പ്രതിപക്ഷ നേതാവും. 2011ൽ വീണ്ടും ഉമ്മൻചാണ്ടി മുഖ്യമന്ത്രി,വി.എസ് പ്രതിപക്ഷ നേതാവ്. ഉമ്മൻചാണ്ടിയും വി.എസും പ്രചാരണത്തിനെത്താൻ സ്ഥാനാർത്ഥികൾ കൊതിച്ച കാലം. ഉമ്മൻചാണ്ടി ഉണ്ടായിരുന്നപ്പോൾ പുതുപ്പള്ളിയിലെ വീട്ടിലേക്ക് നേതാക്കളും സാധാരണക്കാരും എത്തിയിരുന്നെങ്കിൽ ഇപ്പോഴത് പുതുപ്പള്ളി പള്ളിയിലെ കല്ലറയ്ക്ക് മുന്നിലായി.
കോടിയേരിയും കാനവും
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനേയും സി.പി.ഐയെും സജ്ജമാക്കിയവരാണ് കോടിയേരിയും കാനവും. വി.എസ് സർക്കാരിൽ ആഭ്യന്തര മന്ത്രിയും പിന്നീട് സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി വിടവാങ്ങിയത് 2022 ഒക്ടോബർ 1ന്. സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ 2023 ഡിസംബർ 8നും നിത്യനിദ്ര പൂണ്ടു. ആദർശ ജീവിതം നയിച്ച മുൻ കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള 2025 ജൂൺ ആറിനാണ് അന്തരിച്ചത്. ആദർശം ഹൃദയത്തിലേറ്റിയ പി.ടി.തോമസ് 2021 ഡിസംബർ 22നും രാഷ്ട്രീയത്തിൽ നിന്ന് നേരത്തെ വിരമിച്ച മുൻമന്ത്രി ടി.എച്ച്.മുസ്തഫ 2024 ജനുവരി 14നുമാണ് വിടവാങ്ങിയത്.
രണ്ട് ആക്‌ടിംഗ് മുഖ്യമന്ത്രിമാർ
മുഖ്യമന്ത്രിമാർ വിദേശ ചികിത്സയ്ക്ക് പോയപ്പോൾ ചുമതലയിലുണ്ടായിരുന്ന രണ്ടുപേരും ഇക്കാലത്ത് വിടവാങ്ങി. കോൺഗ്രസ് നേതാക്കളായ വക്കം പുരുഷോത്തമനും സി.വി.പത്മരാജനും മരിച്ചത് ജൂലായിലാണെന്ന അപൂർവതയും. 2023 ജൂലായ് 31ന് വക്കവും 2025 ജൂലായ് 16ന് സി.വി.പത്മരാജനും ഓർമ്മയായി. 2006ൽ ലോക സാമ്പത്തിക ഫോറത്തിന്റെ സ്വിറ്റ്സർലാൻഡിലെ ദാവോസിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി ഉമ്മൻചാണ്ടി മഞ്ഞിൽ തെന്നിവീണ് പരിക്കേറ്റപ്പോൾ ചുമതല നൽകിയത് വക്കത്തിന്. 1992ൽ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന് കാർ അപകടത്തിൽ പരിക്കേറ്റപ്പോഴാണ് പത്മരാജൻ പകരക്കാരനായത്.
മകനെ വിജയിപ്പിച്ച് മടങ്ങിയ ബാലകൃഷ്ണപിള്ള
രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തുന്നതിന് തൊട്ടുമുമ്പാണ് കേരള കോൺഗ്രസ് (ബി) ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള അന്തരിച്ചത്. മകൻ കെ.ബി.ഗണേഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് ചുക്കാൻപിടിച്ചായിരുന്നു മടക്കം, 2021 മേയ് മൂന്നിന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |