സർവസംഗ പരിത്യാഗിയായി സർവതും ദൈവത്തിങ്കൽ സമർപ്പിച്ച് ഭക്തിയും ഭജനവുമായി ശിഷ്ടകാലം തള്ളിനീക്കാൻ സഖാവ് ഈപീജയരാജൻ വളരെ നാളുകളായി ആലോചിക്കുന്നു. സമയവും സന്ദർഭവും ഒത്തുവരാത്തത് കൊണ്ട് അതിങ്ങനെ നീണ്ടുപോയെന്ന് മാത്രം. പക്ഷേ അനിശ്ചിതമായി ഒന്നും അങ്ങനെ നീളാൻ നിർവാഹമില്ലെന്ന് ഈപീ സഖാവിനും അറിയാം. നാട്ടുകാർക്കും അറിയാം. ഗോവിന്ദൻമാഷ്ക്കും അറിയാം. അതുകൊണ്ട് അവരെല്ലാം അറിഞ്ഞതുപോലെ തന്നെ കാര്യങ്ങൾ അങ്ങനെയങ്ങ് സംഭവിച്ചു. ഈപീസഖാവിപ്പോൾ അമ്പലങ്ങളിലെ അന്നദാനത്തിനും ഊട്ടുപുര സമർപ്പണത്തിനുമൊക്കെയായി തന്റെ കനപ്പെട്ട ശരീരവും മൃദുലമായ മനസും സമർപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു.
ജനകീയ ജനാധിപത്യ വിപ്ലവം ഈപീ സഖാവ് മുൻകൈയെടുത്ത് നടത്തിയ പോരാട്ടത്തിനൊടുവിൽ വിരിഞ്ഞു കഴിഞ്ഞിട്ടുണ്ട്. കാൾമാർക്സ് പോലും സങ്കല്പിച്ചതിന്റെ അപ്പുറത്തേക്ക് കടന്നുചെല്ലുന്ന തരത്തിലാണ് അത് വിരിഞ്ഞത്. നീലക്കുറിഞ്ഞി വിരിഞ്ഞാൽ പോലും ഇത്ര രസമുണ്ടാവില്ലായിരുന്നു കാണാൻ എന്നാണ് ജനകീയജനാധിപത്യ വിപ്ലവം വിരിയുന്നത് കാണാൻ യോഗമുണ്ടായവർ സാക്ഷ്യപ്പെടുത്തിയത്. വിപ്ലവം അതെന്തായാലും എങ്ങനെ വിരിഞ്ഞാലും വിപ്ലവമാണല്ലോ എന്ന് ചിന്തിക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം ആ ചിന്തിക്കുന്നവർക്കുണ്ടാകും.
കാൾമാർക്സ് ഇതൊന്നും കാണാനുള്ള ഭാഗ്യമില്ലാതെ ലണ്ടൻ ഹൈഗേറ്റ് സെമിത്തേരിയിൽ ഉറക്കത്തിലായിപ്പോയി. അതൊരു തരത്തിൽപറഞ്ഞാൽ അദ്ദേഹത്തിന്റെ ഭാഗ്യമാണോ നിർഭാഗ്യമാണോ എന്ന് ചോദിച്ചാൽ വ്യക്തമായ ഉത്തരം ആർക്കും നൽകാനാവില്ല.
വിപ്ലവം വിരിയിച്ചു കഴിഞ്ഞാൽ പിന്നെ നാട്ടിൽ ആർക്കും വിലയുണ്ടാവില്ല. അതാണ് ഈപീ സഖാവിന്റെ കാര്യത്തിലും സംഭവിച്ചത്. അദ്ദേഹം അശ്രാന്തപരിശ്രമം നടത്തി വിരിയിച്ചെടുത്ത വിപ്ലവത്തിന് അവകാശികളാകാൻ എത്രയെത്ര പേരാണ് നാട്ടിൽ. പക്ഷേ സഖാവിന് ഒരു നിലയും വിലയും ആരും കല്പിക്കുന്നില്ല. കാര്യം സാധിച്ചാൽ തൃണസമാനം എന്ന തോന്നൽ സഖാവിലും ജനിപ്പിച്ചത് നാട്ടിലെ ഇത്തരം സാമൂഹ്യാവസ്ഥകളാണ്. അതിൽ ഈപീസഖാവിന് ആരോടും പരിഭവമോ പരിദേവനമോ പറയാനില്ല. എല്ലാം വിധിയെന്ന് സങ്കല്പിച്ച് പൊറുക്കാൻ അദ്ദേഹം ശീലിച്ചുപോയിരിക്കുന്നു. പഴയത് പോലെയായിരുന്നെങ്കിൽ അങ്ങനെയാവില്ലായിരുന്നു. ഈപീ സഖാവ് മൈക്കെടുത്ത് രണ്ട് വീക്ക് വീക്കിയാൽ ആരും പേടിച്ചുവിറയ്ക്കുന്ന കാലമുണ്ടായിട്ടുണ്ട്. ഇന്നിപ്പോൾ ഈപീസഖാവിന് അങ്ങനെയൊന്നും വീക്കാൻ തോന്നുന്നേയില്ല.
ഗോവിന്ദൻമാഷോട് പോലും ഈപീസഖാവിന് പരിഭവമില്ല. ഗോവിന്ദൻമാഷ് കാസർകോട്ട് നിന്ന് ജനകീയ പ്രതിരോധജാഥ നയിക്കുന്നതായി ഈപീസഖാവും കേട്ടിരുന്നു. അങ്ങനെ നാട്ടിൽ എത്രായിരം ജാഥകൾ നടക്കുന്നു. അത് അതിന്റെ വഴിക്കുപോകും. ഈപീസഖാവ് തന്നെ നയിച്ച ജാഥയ്ക്ക് കൈയും കണക്കുമുണ്ടോ? അതൊക്കെ ഓർക്കുമ്പോൾ രോമാഞ്ചം വരുമായിരുന്നു എങ്കിലും ഇപ്പോൾവന്ന രോമാഞ്ചത്തെ അടക്കിനിറുത്താൻ അദ്ദേഹം ശീലിച്ചിരിക്കുന്നു.
ഗോവിന്ദൻ മാഷിന്റെ ജാഥയിൽപോയി എത്തിനോക്കാൻ ഈപീ സഖാവിന് വിചാരമില്ലാഞ്ഞിട്ടല്ല. പക്ഷേ ജനകീയജനാധിപത്യ വിപ്ലവം തന്റേതായ മുൻകൈയിൽ വിരിഞ്ഞു കഴിഞ്ഞസ്ഥിതിക്ക് ഇനി പോയി അങ്ങനെ എത്തിനോക്കേണ്ട കാര്യമെന്ത് ! ഇതിലും വലിയ വേറെവിപ്ലവമൊന്നും ഗോവിന്ദൻമാഷ് വിചാരിച്ചാൽ വിരിയിക്കാനാവില്ല.
ഇമ്മാതിരിയെല്ലാമുള്ള ചിന്തകളിലൂടെ മനസ് സഞ്ചരിക്കവേ, ഈപീ സഖാവിന് ഈ ലൗകികജീവിതത്തിന്റെ വ്യർത്ഥതകളെക്കുറിച്ചുള്ള ചിന്തകളുണ്ടായത് സ്വാഭാവികമാണ്. കൊച്ചി വെണ്ണലയിൽ തൈക്കാട്ട് മഹാദേവക്ഷേത്രത്തിൽ പോയി അന്നദാനത്തിൽ പങ്കെടുത്തതും ഇരിണാവിലെ ചുഴലി ഭഗവതിക്ഷേത്രത്തിൽ പോയി ഊട്ടുപുര ഉദ്ഘാടനം ചെയ്തതുമൊക്കെ ശിഷ്ടജീവിതം ഇനി ആത്മീയലോകത്തിനായി സമർപ്പിക്കാമെന്ന വിചാരത്താലാണ്.
ഗോവിന്ദൻ മാഷുടെ ജാഥയിൽപോയി വെയില് കൊള്ളുന്നതിലെ വ്യർത്ഥത ഈപീസഖാവ് തിരിച്ചറിയുന്നു. ജാഥ ജാഥയുടെ വഴിക്ക് നടക്കട്ടെ. ഈപീസഖാവിന് ഇനി കപടമാം ലോകത്ത് ആത്മാർത്ഥമായ സ്വന്തം ഹൃദയവുമായി പരാജയമേറ്റു വാങ്ങാൻ ലവലേശം മോഹമില്ല. അതുകൊണ്ടാണ് ജാഥ ജാഥയുടെ വഴിക്കും ഈപീസഖാവ് സഖാവിന്റെ വഴിക്കും സഞ്ചരിക്കുന്നത്. പിണറായി സഖാവും മറ്റും ഇതിൽ മറ്റെന്തെങ്കിലും കാണേണ്ട കാര്യമില്ല. അല്ല, പിണറായിസഖാവ് അങ്ങനെ കാണും എന്നല്ല പറഞ്ഞുവരുന്നത് എങ്കിലും...
പിണറായി സഖാവ് സഞ്ചരിക്കുന്ന വഴിയിൽ കാര്യങ്ങളെല്ലാം ഭംഗിയാണ്. മുന്നിൽ പത്ത് പതിനെട്ട് വണ്ടികൾ ചീറിപ്പായുകയും പിന്നാമ്പുറത്ത് വേറെ പത്ത്-പതിനെട്ട് വണ്ടികൾ പരക്കം പായുകയും ചെയ്യുന്നത് കാരണം മുൻപിൻ നോക്കാൻ പിണറായി സഖാവ് മെനക്കെടാറില്ല.
ശിവശങ്കരൻ മൂന്ന്-നാല് കൊല്ലം പിണറായിസഖാവിന്റെ കാര്യാലയത്തിൽ ഇരുന്നുകൊണ്ട് നടത്തിയ സ്വപ്നസഞ്ചാരങ്ങൾ സഖാവ് കാണാതിരുന്നത് അതുകൊണ്ടാണ്. ഇന്നിപ്പോൾ ദുരിതാശ്വാസനിധിയിൽ നിന്ന് പത്തായം തുരന്ന് കണ്ട അണ്ടനും അടകോടനുമെല്ലാം നിധി അടിച്ചുകൊണ്ടുപോയി എന്ന് പറയുന്നു. പിണറായി സഖാവ് അത് അറിഞ്ഞിരിക്കണം എന്ന് ചിലരെല്ലാം വിളിച്ചുപറയുന്നുണ്ട്. ഇവരുടെയെല്ലാം തല പരിശോധിക്കണം എന്ന് പിണറായി സഖാവിന്റെ സ്ഥാനത്ത് ഇരുന്നിരുന്നു എങ്കിൽ ദ്രോണർ പറയുമായിരുന്നു. അല്ല പിന്നെ...
കോൺഗ്രസ് വീണ്ടും കോൺഗ്രസായി. പ്രവർത്തകസമിതിയിലേക്ക് തിരഞ്ഞെടുപ്പൊക്കെ നടത്തി ജനാധിപത്യം പുഷ്പിക്കും എന്നെല്ലാമുള്ള ഗീർവാണങ്ങൾ കേട്ടപ്പോൾ ദ്രോണർക്കും അതിശയം തോന്നിയതാണ്. ഇതെന്ത് മറിമായം എന്ന്.
പക്ഷേ, ദ്രോണർക്ക് അതിശയിക്കേണ്ടി വന്നിട്ടില്ല. എന്തൊക്കെ പറഞ്ഞാലും കോൺഗ്രസല്ലേ. പ്രവർത്തകസമിതിയിലേക്ക് ആളുകളെ നിർദ്ദേശിക്കാൻ ഖാർഗേജിയോട് കല്പിച്ചതായാണ് വർത്തമാനം. സോണിയാജിയുടെ കൈയിലിരിക്കുന്ന താക്കോൽ ഖാർഗെജിക്ക് കൊടുക്കും, ഖാർഗെജി അതിട്ട് പ്രവർത്തകസമിതിയുടെ പൂട്ട് തുറക്കുമെന്നാണ് റായ്‌പൂരിൽ നിന്ന് കേൾക്കുന്ന വർത്തമാനം.
ഇ-മെയിൽ: dronar.keralakaumudi@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |