ന്യൂഡൽഹി: പേമാരിയും ഉരുൾപൊട്ടലും ദുരിതം വിതച്ച കേരളത്തിന് സഹായഹസ്‌തവുമായി പ്രമുഖ ഇറ്റാലിയൻ ഫുട്ബോൾ ക്ലബ്ബായ എ.എസ്.റോമ രംഗത്തെത്തി. തങ്ങളുടെ ആദ്യ ഹോം മാച്ചിന് ശേഷം ക്ലബ്ബ് ജെഴ്‌സി ലേലം ചെയ്‌ത് കിട്ടുന്ന തുക കേരളത്തെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. അഞ്ച് മത്സരങ്ങളിൽ ടീമിനെ വിജയത്തിലേക്ക് നയിച്ച ജെഴ്‌സിയാണ് ലേലം ചെയ്യുന്നതെന്നും ക്ലബ്ബ് അധികൃതർ ട്വിറ്ററിലൂടെ അറിയിച്ചു.
ഏറെ ദുരിതം വിതച്ച പ്രളയത്തിൽ അകപ്പെട്ട കേരളത്തിലെ ജനങ്ങൾക്കൊപ്പമാണ് എ.എസ്.റോമയിലെ ഓരോ അംഗങ്ങളും. തങ്ങൾക്ക് എന്ത് സഹായമാണ് ചെയ്യാൻ കഴിയുകയെന്നതിനെക്കുറിച്ച് കേരളത്തിലെ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി സംഭാവന ചെയ്യണമെന്ന് ആരാധകരോട് ആവശ്യപ്പെട്ട ക്ലബ്ബ് അധികൃതർ കേരളത്തെ പുനർ നിർമിക്കാൻ ഒപ്പം നിൽക്കുമെന്നും കൂട്ടിച്ചേർത്തു.
കേരളത്തിന് സഹായം അഭ്യർത്ഥിച്ച് ക്ലബ്ബ് അധികൃതർ ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌ത കുറിപ്പിന് വൻ പിന്തുണയാണ് ലഭിക്കുന്നത്. മറ്റ് ക്ലബ്ബുകളിൽ നിന്നും ഇനി കൂടുതൽ ആരാധകർ എ.എസ്.റോമയിലെത്തുമെന്ന് ചിലർ പറയുന്നു. ഫുട്ബോൾ മൈതാനത്തും ജനങ്ങളുടെ മനസിലും എ.എസ്.റോമ ജയിക്കുന്നതിന്റെ കാരണവും ഇതുപോലുള്ള പ്രവർത്തികളാണെന്നും ചിലർ പറയുന്നു. നേരത്തെ പ്രമുഖ ഫുട്ബോൾ ക്ലബ്ബുകളായ ലിവർപൂൾ, എഫ്.സി ബാർസലോണ, ജിറോണ, മെൽബൺ സിറ്റി തുടങ്ങിയവരും കേരളത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |