കൊച്ചി: ഇക്കൊല്ലത്തെ കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി. പരീക്ഷയുടെ പ്രോസ്‌പെക്ടസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. എൻജിനിയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് നിർണയ രീതി സി ബിഎസ്ഇ സിലബസ് വിദാർത്ഥികളെ ദോഷകരമായി ബാധിക്കുന്നതായി കാണിച്ചുള്ള ഹർജിയിലാണ് വിധി.കഴിഞ്ഞയാഴ്ചയാണ് കീം പരീക്ഷാഫലം പുറത്തുവന്നത്. പ്രവേശന നടപടി തുടങ്ങാൻ ഇരിക്കെയാണ് സർക്കാരിന് കനത്ത തിരിച്ചടി നൽകിക്കൊണ്ടുള്ള വിധി വന്നത്.
കീമിന്റെ പ്രോസ്‌പെക്ടസിൽ അടക്കം മാറ്റംവരുത്തിയതിനെയും ഹർജിയിൽ ചോദ്യം ചെയ്തിരുന്നു. പ്രോസ്‌പെക്ടസിൽ പറഞ്ഞിരുന്നതിന് വിരുദ്ധമായി മാർക്ക് ഏകീകരണം നടത്തിയത് പരീക്ഷയ്ക്കുശേഷമാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഫലം കോടതി റദ്ദുചെയ്തത്.
സംസ്ഥാന സിലബസിൽ പഠിച്ച വിദ്യാർത്ഥികൾക്ക് മാർക്ക് നഷ്ടപ്പെടാത്ത വിധം തമിഴ്നാട് മാതൃകയിൽ മാർക്ക് ഏകീകരണം നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ചാണ് റാങ്ക് പ്രസിദ്ധീകരിച്ചത്. മാർക്ക് ഏകീകരണത്തിൽ വിദഗ്ധ സമിതി നൽകിയ ശുപാർശ മന്ത്രിസഭ അംഗീകരിച്ചതോടെയാണ് ഫലം പുറത്തുവന്നത്.
ഫലം റദ്ദാക്കിയ സാഹചര്യത്തിൽ പഴയ വെയിറ്റേജ് അനുസരിച്ചുള്ള പുതിയ റാങ്ക്ലിസ്റ്റ് പുറത്തിറക്കേണ്ടിവരും. മാർക്ക് ഏകീകരണത്തിൽ തീരുമാനമാകാത്തതിനാൽ ഏറെ വൈകിയാണ് കീം ഫലം പുറത്തുവന്നത്.
ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകിയേക്കും എന്നാണ് അറിയുന്നത്. അതിനാൽത്തന്നെ പുതിയ റാങ്ക് ലിസ്റ്റ് തയ്യാറാക്കലും പ്രവേശനവും ഇനിയും ഏറെ വൈകാൻ സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |