തിരുവനന്തപുരം: നഗരമദ്ധ്യത്തിലെ ഹോട്ടലുടമയെ മരിച്ച നിലയിൽ കണ്ടെത്തി. വഴുതക്കാട് കേരള കഫേ ഹോട്ടൽ ഉടമയായ ജസ്റ്റിൻ രാജിന്റെ (60) മൃതദേഹമാണ് കണ്ടെത്തിയത്. ഇടപ്പഴഞ്ഞിയിലെ വീട്ടിലാണ് മൂടിയിട്ട നിലയിൽ മൃതദേഹം കണ്ടത്. ഈ വീട്ടിൽ താമസിച്ചിരുന്ന ഇയാളുടെ ഹോട്ടലിലെ ജീവനക്കാരായ വിഴിഞ്ഞം സ്വദേശിയെയും നേപ്പാൾ സ്വദേശിയെയും കാണാനില്ല. ഇവർക്കായി പൊലീസ് തെരച്ചിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസവും രാവിലെ അഞ്ചിന് ഹോട്ടൽ തുറക്കുന്നതാണ് ജസ്റ്റിൻ രാജിന്റെ പതിവ്. ആകെ എട്ട് ജീവനക്കാരാണ് ഹോട്ടലിലുള്ളത്. ഇതിൽ രണ്ടുപേർ എത്താത്തതിനെ തുടർന്ന് മാനേജരുടെ ഇരുചക്ര വാഹനത്തിൽ ജസ്റ്റിൻ രാജ് ഇടപ്പഴഞ്ഞിയിലെ താമസസ്ഥലത്തേക്ക് പോയിരുന്നു. പിന്നീട് ഉച്ചയായിട്ടും ഇദ്ദേഹത്തെ കാണാതായതോടെ മറ്റ് ജീവനക്കാർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൂടിയിട്ട നിലയിൽ ജസ്റ്റിൻ രാജിന്റെ മൃതദേഹം കണ്ടത്. സിപിഎം നേതാവും മുൻ എംഎൽഎയുമായിരുന്ന എം സത്യനേശന്റെ മരുമകനാണ് ജസ്റ്റിൻ രാജ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |