പത്തനംതിട്ട: കേന്ദ്രസർക്കാരിന്റെ തൊഴിലാളി നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്ക് പുരോഗമിക്കുകയാണ്. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ കെഎസ്‌ആർടിസി ഉൾപ്പെടെ സർവീസ് നിർത്തിവച്ചതോടെ യാത്രക്കാർ വലഞ്ഞു. ഇതിനിടെ ഹെൽമറ്റ് ധരിച്ച് ബസോടിക്കുന്ന കെഎസ്‌ആർടിസി ഡ്രൈവറുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
പത്തനംതിട്ടയിൽ നിന്ന് കൊല്ലത്തേക്ക് പോയ ബസിലെ ഡ്രൈവർ ഷിബു ആണ് ഹെൽമറ്റ് ധരിച്ച് വണ്ടിയോടിച്ചത്. സമരാനുകൂലികളുടെ ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ച് ഷിബു ബസോടിച്ചത്. ഈ ബസ് അടൂരിൽ സമരാനുകൂലികൾ തടഞ്ഞു. സർവീസ് നടത്താൻ തയ്യാറായ കെഎസ്‌ആർടിസി ബസുകൾ തടഞ്ഞതോടെ പലയിടത്തും ജനങ്ങൾ പെരുവഴിയിലായി.
ഇന്നലെ അർദ്ധരാത്രിയോടെയാണ് ദേശീയ പണിമുടക്ക് ആരംഭിച്ചത്. പശ്ചിമ ബംഗാളിലും പണിമുടക്ക് ശക്തമാണ്. പൊതുഗതാഗതത്തെ പണിമുടക്ക് ബാധിച്ചെങ്കിലും സ്വകാര്യ വാഹനങ്ങൾ സർവീസ് നടത്തുന്നുണ്ട്. കേരളത്തിൽ ഭരണപക്ഷം പണിമുടക്കിനെ പിന്തുണയ്‌ക്കുന്നുണ്ടെങ്കിലും കെഎസ്‌ആർടിസി ഡയസ്‌നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ജോലിയിൽ പ്രവേശിക്കാത്ത ജീവനക്കാർക്ക് ഇന്നത്തെ ശമ്പളം ലഭിക്കില്ല. പണിമുടക്കിനെ തുടർന്ന് കാലിക്കറ്റ്, എംജി, കേരള തുടങ്ങിയ സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |