ന്യൂഡൽഹി :ശബരിമല യുവതി പ്രവേശനവുമായ ബന്ധപ്പെട്ട ഹർജികൾ ഏഴംഗ ഭരണഘടനാ ബെഞ്ച് ജനുവരിയിൽ പരിഗണിച്ചേക്കും. ജനുവരി മൂന്നാം വാരം കേസ് ലിസ്റ്റ് ചെയ്യാൻ ചീഫ് ജസ്റ്റിസ് എസ്.എബോബ്‌ഡെയുടെ നിർദ്ദേമുണ്ടെന്നാണ് വിവരം.
നിലവിൽ ഫയൽ ചെയ്തിട്ടുള്ള പേപ്പർ ബുക്കിന്റെ നാല് സെറ്റ് കൂടി കൈമാറാൻ നിർദേശിച്ച് സുപ്രീംകോടതി അസിസ്റ്റന്റ് രജിസ്ട്രാർ എല്ലാ കക്ഷികൾക്കും ഇന്നലെ കത്ത് നൽകി. നേരത്തേ അഞ്ചംഗ ബെഞ്ചായിരുന്നു ഹർജികൾ പരിഗണിച്ചിരുന്നത്. അതിനാൽ ആറ് പേപ്പർ ബുക്കുകളാണ് സമർപ്പിച്ചിരുന്നത്. എന്നാൽ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട സാഹചര്യത്തിലാണ് നാല് സെറ്റ് കൂടി കൈമാറാൻ നിർദ്ദേശിച്ചത്.
ചീഫ് ജസ്റ്റിസ് ഇതുവരെയും ഏഴംഗ ബെഞ്ച് രൂപീകരിച്ചിട്ടില്ല. ജനുവരി ആദ്യ വാരം തീരുമാനമുണ്ടായേക്കും. ചീഫ് ജസ്റ്റിസ് വിരമിക്കുന്ന 2021 ഏപ്രിൽ 23 ന് മുമ്പായി അന്തിമ വിധി ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.
ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ട് 2018 സെപ്തംബർ 28ന് പുറപ്പെടുവിച്ച വിധിക്കെതിരായ ഹർജികളും 2006ൽ യുവതി പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യംഗ് ലായേഴ്‌സ് അസോസിയേഷൻ നൽകിയ ഹർജികളുമാണ് പരിഗണിക്കുന്നത്. വിധി നടപ്പാക്കുന്നതിന് സാവകാശം തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ അപേക്ഷയും ഏഴംഗ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |