നമ്മുടെ നാട് അപൂർവ്വയിനം സസ്യങ്ങളുടെ കലവറയാണെന്ന് അറിയാത്തവരുണ്ടാകില്ല. ഔഷധമല്ലാത്ത ഒരു സസ്യവുമില്ലെന്നും പണ്ടുമുതൽക്കേ പറഞ്ഞുകേട്ടിട്ടുണ്ട്. ഒരേസമയം ഔഷധസമ്പന്നവും പ്രകൃതിയുടെ സന്തുലിതാവസ്ഥ താങ്ങിനിറുത്തുന്നതുമായ അപൂർവ്വയിനം മരങ്ങളും ഇവിടെയുണ്ട്. ലോകത്തെങ്ങും കാണാത്ത, അല്ലെങ്കിൽ അപൂർവ്വമായി കാണുന്ന കാഴ്ചയാണിത്. അതിലൊന്നാണ് കുളവെട്ടി.
മണ്ണിൽ നീർത്തടം തീർത്ത് ജലസമൃദ്ധമാക്കുകയും ചതുപ്പുനിലങ്ങളിലും വളരുകയും ചെയ്യുന്ന അപൂർവമായ കുളവെട്ടി മരങ്ങൾ വംശനാശ ഭീഷണിയിലേക്ക് അടുക്കുന്നുവെന്നത് ഏറെ ആശങ്കയുണ്ടാക്കുന്നുണ്ട്.
ഏഷ്യയിലെ ഏറ്റവും വലിയ കുളവെട്ടി മരങ്ങളുള്ള കുന്നംകുളം ചൊവ്വന്നൂരിനടുത്തുള്ള കലശമലയിൽ രണ്ട് പതിറ്റാണ്ടുമുമ്പ് അഞ്ഞൂറോളമുണ്ടായിരുന്ന കുളവെട്ടി മരങ്ങൾ ഇന്ന് പകുതിപോലുമില്ല. വേനലിലെ കൊടുംചൂടും കാലാവസ്ഥാവ്യതിയാനവും വനവത്ക്കരണ പരിപാടികളിൽ കുളവെട്ടി ഉൾപ്പെടുത്താത്തതുമാണ് വംശനാശത്തിന്റെ കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. ലോകത്ത് ആകെയുള്ള കുളവെട്ടി മരങ്ങളിൽ ഭൂരിഭാഗവും മലയുടെ താഴ്വാരത്തുള്ള വിഷ്ണു ശിവ ക്ഷേത്രത്തില കാവിലാണ് വളർന്നിരുന്നതെന്നാണ് വനശാസ്ത്രജ്ഞരുടെ നിഗമനം.
'കുളം വെട്ടുന്ന' വേരുപടലം
ഭൂമിക്കടിയിലേയ്ക്ക് ഊർന്നിറങ്ങുന്ന വെള്ളത്തെ ആഴത്തിലും പരപ്പിലുമുളള വേരുപടലം കൊണ്ട് തടഞ്ഞാണ് പ്രദേശം ചതുപ്പുനിലം പോലെയാക്കുന്നത്. വെള്ളത്തിന്റെ കുത്തിയൊലിപ്പ് തടയുന്നതിനും മണ്ണിടിച്ചിൽ തടയുന്നതിനും കഴിവുണ്ട്. കുളവെട്ടി കാടുകളിൽ വളർന്നാൽ വന്യജീവികൾ വെള്ളം തേടി കാടിറങ്ങുകയുമില്ല. ഒറ്റയ്ക്കും കൂട്ടമായും ഉയരത്തിൽ വളരുന്ന വൃക്ഷത്തിന് ഒരു നൂറ്റാണ്ടിലേറെ പ്രായമുണ്ട്. എളവള്ളി പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം വംശനാശ ഭീഷണി നേരിടുന്ന കുളവെട്ടി മരങ്ങൾക്ക് പുനർജന്മം നൽകിയിരുന്നു.
കലശമല ഇക്കോ ടൂറിസം പദ്ധതിക്ക് കഴിഞ്ഞദിവസം 12.24 കോടിയുടെ ഭരണാനുമതിയായി. മരങ്ങൾ ക്ഷേത്രഭൂമിയിലായതിനാൽ ക്ഷേത്രം ഭരണസമിതിയുടെയും ജൈവവൈവിദ്ധ്യ ബോർഡിന്റെയും ശ്രമത്തോടെ കുളവെട്ടി മരങ്ങളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളും പരിഗണനയിലുണ്ട്. കലശമല ഇക്കോ ടൂറിസം പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിനായി ഭൂമി വിലയോടൊപ്പം കണ്ടിജൻസി ചാർജ് നൽകുന്നതിന് ധനവകുപ്പ് തടസം ഉന്നയിച്ചിരുന്നു. ഇതോടെ ഭൂമി ഏറ്റെടുക്കൽ നടപടി അനിശ്ചിതത്വത്തിലായി. എ.സി. മൊയ്തീൻ എം.എൽ.എ ഇടപെട്ട് പ്രതിസന്ധി പരിഹരിച്ചതിനെത്തുടർന്നാണ് പുതുക്കിയ ഭരണാനുമതി ലഭ്യമായത്. ചൊവ്വന്നൂർ, പോർക്കുളം പഞ്ചായത്തുകളിലായി 2.64 ഏക്കർ സ്ഥലത്താണ് ഈ ടൂറിസം വില്ലേജ്.
ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഒഫ് നാച്വറലിന്റെ വംശനാശ ഭീഷണി പട്ടികയിലാണ് കുളവെട്ടിയുളളത്. സൈസിജിയം ട്രാവൻകൂറിക്കം എന്ന് ശാസ്ത്രനാമം. ഔഷധഗുണങ്ങളിലും മുന്നിൽ. ചതുപ്പുസ്വഭാവമുള്ള മണ്ണിൽ ചരൽ വന്ന് അടിയുന്നതും കുളവെട്ടി മരങ്ങളുടെ വേരറുക്കുന്നുവെന്നതാണ് മറ്റൊരു ആശങ്ക.
അതീവഗുരുതരമായ സസ്യങ്ങളുടെ പട്ടികയിലാണ് കുളവെട്ടിയും. പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് അടിയന്തരസംരക്ഷണം ഉറപ്പാക്കേണ്ടതുണ്ടെന്നും പീച്ചി കേരള വനഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കണ്ണൻ സി.എസ്. വാര്യർ പറയുന്നു. ആവാസ വ്യവസ്ഥയിലെ മാറ്റം മൂലം ഈ മരത്തിന്റെ സ്വാഭാവികമായ തൈ വളരൽ നിലച്ചതായി ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞിരുന്നു. ഇത്തരം സസ്യങ്ങളെ ഇപ്പോഴത്തെ ആവാസ വ്യവസ്ഥയിലേക്ക് തിരികെ കൊണ്ടുവരാനുളള ശ്രമങ്ങൾക്ക് പിന്നീട് തുടർച്ചയില്ലാതായി. കുളവെട്ടി പോലുളള അപൂർവ സസ്യങ്ങൾ, അനുകൂലമായ ആവാസ വ്യവസ്ഥയുളള സ്ഥലങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വച്ചുപിടിപ്പിച്ച് ജലസംഭരണം ഉറപ്പുവരുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. മണ്ണിന്റെ സ്വഭാവത്തിൽ വരുന്ന മാറ്റങ്ങളെ അതിജീവിക്കാനുള്ള മരം കൂടിയാണ് കുളവെട്ടി. ഇത്തരം വംശനാശ ഭീഷണി നേരിടുന്ന മരങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിറുത്താൻ ആവശ്യമാണെന്നതിൽ തർക്കമില്ല.
മരുന്നിന് പോലും മരമില്ല
ഔഷധസസ്യങ്ങൾ കിട്ടാത്തതിനാൽ സംസ്ഥാനത്തെ ആയുർവേദ മരുന്നുനിർമ്മാണം തളർച്ചയിലാണ്. അടുത്ത ഏഴുവർഷം കൊണ്ട് ഇന്ത്യയിലെ ആയുർവേദ വിപണി മൂന്നുലക്ഷം കോടിയിലേക്ക് കുതിക്കുമെന്ന് പ്രതീക്ഷ നിലനിൽക്കുമ്പോഴാണ് ഈ ആശങ്ക. കേന്ദ്രധനകാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടിലാണ് ആയുർവേദ വിപണിയുടെ വളർച്ചയെക്കുറിച്ച് പറയുന്നത്.
750 കോടിയുടെ ഔഷധസസ്യങ്ങളാണ് കേരളത്തിൽ വേണ്ടത്. കർഷകരിൽ നിന്നു ലഭിക്കുന്നത് 50 കോടിയുടെ സസ്യങ്ങൾ മാത്രം. മറ്റ് സംസ്ഥാനങ്ങളിലും ഔഷസസ്യങ്ങൾ കുറഞ്ഞു. ഔഷധസസ്യ കൃഷിക്ക് സഹായവും സബ്‌സിഡിയും ലഭിക്കാത്തതാണ് പ്രധാനകാരണം. പൂർണമായും നശിപ്പിക്കുന്ന രീതിയിലുള്ള വിളവെടുപ്പും കാലാവസ്ഥവ്യതിയാനവും തിരിച്ചടിയായി. സംസ്ഥാന മെഡിസിനൽ പ്ലാന്റ് ബോർഡ്, കൃഷി, ആയുഷ് വകുപ്പുകൾ, ആയുർവേദ ഔഷധ നിർമ്മാതാക്കൾ, കർഷകർ എന്നിവരുടെ കൂട്ടായ്മയിലൂടെ ഔഷധസസ്യക്കൃഷി വിജയകരമാക്കാൻ കഴിയുമെങ്കിലും അതിനുളള നടപടികളില്ല.
കേരളത്തിൽ ഔഷധ സസ്യങ്ങളുടെ പൊതുലഭ്യത 50% കുറഞ്ഞു. 10-15 വർഷത്തിനുള്ളിൽ ഭൂരിഭാഗം സസ്യങ്ങളും ലഭ്യമല്ലാതാകുമെന്ന ആശങ്കയുമുണ്ട്.
ത്രിഫല (കടുക്ക, നെല്ലിക്ക, താന്നിക്ക), ആര്യവേപ്പ്, ഇരട്ടിമധുരം, ചിറ്റമൃത്, ശതാവരി, ബ്രഹ്മി, തുളസി, അശ്വഗന്ധ തുടങ്ങി കയറ്റുമതി വിപണിയിൽ മുൻപന്തിയിൽ നില്ക്കുന്ന ഔഷധ സസ്യങ്ങൾ തരംതിരിച്ച് കൃഷി ചെയ്യുന്നത് ഗുണകരമാണെങ്കിലും അതിനുള്ള സൗകര്യം ഒരുക്കുന്നില്ല. സുസ്ഥിര കൃഷിരീതികളും ബോധവത്ക്കരണ പരിപാടികളും തുടർപരിശീലനങ്ങളും പദ്ധതികളുമുണ്ടായില്ല. നിലവിൽ കേരളത്തിന് 3000 കോടിയുടെ ആയുർവേദ വിപണിയുണ്ട്. ഔഷധസസ്യകൃഷി വ്യാപകമാക്കിയാൽ 10 വർഷത്തിനുള്ളിൽ ഇത് 4000 കോടിയായി വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഔഷധസസ്യങ്ങളുടെ നിലനിൽപ്പിനായി ജനകീയ കൂട്ടായ്മകൾ വളർന്നു വന്നില്ലെങ്കിൽ സാമ്പത്തികമായും ആരോഗ്യസംരക്ഷണത്തിലും തിരിച്ചടി നേരിടുമെന്നതിൽ സംശയമില്ല. പാരിസ്ഥിതിക ആഘാതത്തിനും കൂടിവഴിയൊരുക്കുമെന്നും അടിവരയിട്ട് പറയണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |