ഭോപ്പാൽ: പ്രദർശനത്തിനായി എത്തിച്ച പാമ്പുകളോട് ക്രൂരത കാണിച്ച ഒരു കൂട്ടം പാമ്പാട്ടികൾ പിടിയിൽ. മദ്ധ്യപ്രദേശിലെ ജബൽപൂരിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ആചാരങ്ങളുടെ ഭാഗമായിട്ടും പ്രദർശനത്തിനുമായിട്ടുമാണ് പിടികൂടിയ പാമ്പുകളോടാണ് ആളുകൾ കണ്ണില്ലാത്ത ക്രൂരത ചെയ്തത്. പശയുപയോഗിച്ച് പാമ്പുകളുടെ വായ മൂടുകയും നൂലും സൂചിയും ഉപയോഗിച്ച് താടിയെല്ല് തുന്നിച്ചേർക്കുകയുമാണ് ചെയ്തത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.
ഇത്തരത്തിലുളള പാമ്പുകളെ അധികൃതർ ജബൽപൂരിലെ വെറ്ററിനറി സർവകലാശാലയിലെ വന്യജീവിസങ്കേതത്തിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഇവിടെയുളള വിദഗ്ദരാണ് സങ്കീർണമായ ശസ്ത്രക്രിയകൾ നടത്തി പാമ്പുകളുടെ വായകൾ പഴയ സ്ഥിതിയിലാക്കിയത്. താടിയെല്ലുകൾ തുന്നിച്ചേർത്ത 30ൽ അധികം പാമ്പുകളെയാണ് ചികിത്സിച്ചതെന്ന് വെറ്ററിനറി വിദഗ്ദൻ ഡോ. സോമേഷ് സിംഗ് പറഞ്ഞു. ഇക്കൂട്ടത്തിൽ കൂടുതലും മൂർഖൻ പാമ്പുകളും എലി പാമ്പുകളുമായിരുന്നു. പാമ്പാട്ടികൾ ഇത്തരത്തിൽ ചെയ്തതോടെ പാമ്പുകൾക്ക് ഭക്ഷണം കഴിക്കാനോ സ്വയം പ്രതിരോധിക്കാനോ സാധിക്കാതെയായെന്നും വിദഗ്ദർ പറയുന്നു.
ചില പാമ്പാട്ടികൾ പിടികൂടുന്ന പാമ്പുകളുടെ വിഷപ്പല്ലുകൾ നീക്കം ചെയ്യുന്നത് പതിവാണ്. ഇത് പാമ്പുകളിൽ അണുബാധ പോലുളള ഗുരുതര അവസ്ഥയ്ക്ക് കാരണമാകുന്നു. നഗരത്തിലുടനീളമുളള പാമ്പാട്ടികളിൽ നിന്ന് 57ൽ അധികം പാമ്പുകളെ പിടികൂടിയെന്ന് ജബൽപൂർ ഫോറസ്റ്റ് റേഞ്ചർ അപൂർവ് പ്രഖർ ശർമ പറഞ്ഞു. ഇവയിൽ 30 പാമ്പുകൾ ഗുരുതരാവസ്ഥയിലായിരുന്നു. സുഖം പ്രാപിച്ച പാമ്പുകളെ കാട്ടിലേക്ക് തുറന്നുവിട്ടെന്നും ഇത്തരം പ്രവൃത്തികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |