കൊച്ചി: കോതമംഗലത്ത് യുവാവ് വിഷം ഉള്ളിൽച്ചെന്ന് മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. അൻസിൽ വിഷം കഴിച്ച് തന്റെ വീട്ടിൽ കിടപ്പുണ്ടെന്ന് പെൺസുഹൃത്ത് തന്നെയാണ് അൻസിലിന്റെ വീട്ടിൽ വിളിച്ചുപറഞ്ഞതെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
"വിഷം കൊടുത്ത് ഇവിടെ കിടത്തിയിട്ടുണ്ട്, എടുത്തുകൊണ്ട് പൊയ്‌ക്കോ" എന്ന് അൻസിലിന്റെ ഉമ്മയെയും മകനെയും വിളിച്ച് യുവതി പറഞ്ഞു. പെൺ സുഹൃത്ത് വിഷം തന്നെന്ന് അൻസിൽ തന്നെയാണ് പൊലീസിനെ വിളിച്ചറിയിച്ചതെന്നാണ് വിവരം. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് അൻസിലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. യാത്രാമദ്ധ്യേ ഒരു ബന്ധുവും ആംബുലൻസിൽ കയറി.
യുവതി തന്നെ ചതിച്ചെന്നും വിഷം നൽകിയെന്നും അൻസിൽ ബന്ധുവിനോട് പറഞ്ഞു. എന്നാൽ എന്തിൽ കലർത്തിയാണ് വിഷം നൽകിയതെന്ന് പറഞ്ഞിട്ടില്ല. യുവതിയുമായി അൻസിലിന് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നെന്നും ഇതിനെച്ചൊല്ലി മുമ്പേ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ബന്ധു പറഞ്ഞു.
ഇടയ്ക്ക് ഇരുവരും തമ്മിൽ പിണങ്ങിയിരുന്നു. തുടർന്ന് യുവതി അൻസിലിന്റെ വീട്ടിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. പൊലീസ് കസ്റ്റഡിയിലുള്ള യുവതിയെ ചോദ്യം ചെയ്തുവരികയാണ്. യുവതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം.
യുവതി ദീർഘകാലമായി ഒറ്റയ്ക്കായിരുന്നു താമസം. അയൽക്കാരുമായി വലിയ അടുപ്പമുണ്ടായിരുന്നില്ലെന്നാണ് വിവരം. അൻസിൽ ഇടയ്ക്കിടെ ഈ വീട്ടിലേക്ക് വരുന്നത് അയൽവാസികൾ ശ്രദ്ധിച്ചിരുന്നു.സംഭവ ദിവസം കൊലപ്പെടുത്തുകയെന്ന കൃത്യമായ ആസൂത്രണത്തോടെയാണ് യുവതി അൻസിലിലെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുള്ളതായി അൻസിലിന് സംശയമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |