മംഗളൂരു: ധർമ്മസ്ഥലയിലെ ബങ്കലെഗുഡെ വനമേഖലയിൽ നിന്ന് ഇന്ന് രണ്ട് തലയോട്ടികൾ കണ്ടെത്തി. ഒരു അസ്ഥികൂടവും വർഷങ്ങൾക്ക് മുമ്പ് കണാതായ കുടക് സ്വദേശിയുടെ തിരിച്ചറിയൽ കാർഡും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. മൂന്ന് മണിക്കൂർ മാത്രമാണ് ഇന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) തെരച്ചിൽ നടത്തിയത്. തെരച്ചിൽ വരും ദിവസങ്ങളിലും തുടരും.
ഇന്ന് രണ്ടെണ്ണം കൂടി ലഭിച്ചതോടെ ബങ്കലെഗുഡെ വനമേഖലയിൽ നിന്ന് കണ്ടെത്തിയ തലയോട്ടികളുടെ എണ്ണം ഏഴായി. കഴിഞ്ഞ ദിവസം വനമേഖലയിലെ വിവിധയിടങ്ങളിൽ നിന്ന് അഞ്ച് തലയോട്ടികളും അസ്ഥികഷ്ണങ്ങളും കണ്ടെത്തിയിരുന്നു. കണ്ടെടുത്ത അസ്ഥികഷ്ണങ്ങൾ മനുഷ്യരുടേതാണോയെന്ന് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനയ്ക്ക് അയക്കുമെന്നും പ്രത്യേക അന്വേഷണ സംഘം അറിയിച്ചിരുന്നു.
ധർമ്മസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയുടെ നിർണായക വെളിപ്പെടുത്തലിന് പിന്നാലെയാണ് കൂടുതൽ കാര്യങ്ങൾ പുറത്തുവന്നത്. 1995 മുതൽ 2014 വരെയുള്ള കാലയളവിൽ ധർമസ്ഥലയിൽ നൂറോളം പേരുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്നായിരുന്നു വെളിപ്പെടുത്തൽ.
ധർമ്മസ്ഥലയിൽ നേരത്തെ ഭൂമി കുഴിച്ചുളള പരിശോധനകൾ നിർത്തി വച്ചതായിരുന്നു. ഇതിനുപിന്നാലെ കർണാടക സ്വദേശികളായ രണ്ടുപേർ കോടതിയെ സമീപിച്ചു. ചിന്നയ്യ വനമേഖലയിൽ കൂടുതൽ മൃദേഹങ്ങൾ കുഴിച്ചിട്ടത് കണ്ടെന്നായിരുന്നു അവരുടെ വാദം. ഇതോടെയാണ് കർണാടക ഹൈക്കോടതി വനമേഖലയിൽ വീണ്ടും പരിശോധനയ്ക്ക് ഉത്തരവിട്ടത്.
15 ഏക്കറുളള വനമേഖലയിലാണ് ഇന്നലെ വീണ്ടും പരിശോധന ആരംഭിച്ചത്. അസ്ഥി കഷ്ണങ്ങളെ കൂടാതെ ഇവിടെ നിന്ന് സാരി, മരക്കൊമ്പിൽ കെട്ടിയിട്ട നിലയിലുളള കയർ, ഒരു സീനിയർ സിറ്റിസൺ കാർഡ് എന്നിവയും കണ്ടെടുത്തിയിരുന്നു. ഇവയെല്ലാം കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കാനാണ് നീക്കം. വനംവകുപ്പ് ഉദ്യോഗസ്ഥരുമായി സഹകരിച്ചാണ് പരിശോധന നടത്തുന്നത്.
ചിന്നയ്യയുടെ വെളിപ്പെടുത്തലിന് പിന്നാലെ ധർമ്മസ്ഥലയിൽ നിന്ന് ഒരു മനുഷ്യന്റെ പൂർണ അസ്ഥികൂടവും 100 ഓളം അസ്ഥി ഭാഗങ്ങളും പരിശോധനാ സംഘം കണ്ടെടുത്തിരുന്നു. ഇയാൾ അടയാളപ്പെടുത്തി നൽകിയ 13 പോയിന്റുകളിൽ 11 ഇടത്തുനിന്നും പുതുതായി കാണിച്ചു കൊടുത്ത സ്ഥലത്തു നിന്നുമാണ് ഏഴു ദിവസത്തിനിടെ ഇവ കണ്ടെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |