
പാലോട്: ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നന്ദിയോട് ചൂടൽ ഭാഗത്ത് നടത്തിയ തിരച്ചിലിൽ അര ലിറ്ററിന്റെ 30 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി. കാടു കയറിയ റബർ പുരയിടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിക്ക് പട്രോളിംഗിനിടെയാണ് റബർ തോട്ടത്തിൽ നിന്ന് രണ്ടുപേർ ഇറങ്ങിപ്പോകുന്നത് കണ്ടത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മദ്യം കണ്ടെത്തിയത്.
ഇലക്ഷൻ പ്രമാണിച്ച് ഞായറാഴ്ച വൈകിട്ട് മുതൽ മദ്യശാലകൾ അവധിയായതിനാൽ വില്പനക്കായി മുൻകൂട്ടി മദ്യം വാങ്ങി ശേഖരിച്ചതാകാമെന്നും മദ്യം ഒളിപ്പിച്ച ആളെക്കുറിച്ച് സൂചന ലഭിച്ചതായും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫീസ് അസി. എക്സൈസ് ഇൻസ്‌പെക്ടർ വി.അനിൽ കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ആരോമൽ, ശ്രീജിത്ത് എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |