ന്യൂഡൽഹി: എഐ ടെക്നോളജി ഉപയോഗിച്ച് കോളേജ് വിദ്യാർത്ഥിനിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വ്യാജ പ്രൊഫൈലുകളിലൂടെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച 21കാരൻ പിടിയിൽ. ഡൽഹി സൗത്ത് വെസ്റ്റ് സൈബർ പൊലീസാണ് പ്രതിയെ അറസ്റ്റു ചെയ്ത്‌ത്.
ജൂൺ 16നാണ് യുവതിയുടെ പേരിൽ വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ സൃഷ്ടിച്ചുവെന്നും, അതിൽ അപകീർത്തികരവും അപമാനകരവുമായ അടിക്കുറിപ്പുകൾ നൽകിയിട്ടുണ്ടെന്നും ആരോപിച്ച് യുവതി പരാതി നൽകിയിരുന്നത്. പിന്നീട് ആഴ്ച്കളോളം നീണ്ട അന്വേഷണത്തിലാണ് യുവാവ് പൊലീസിന്റെ വലയിലായത്. പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
പരാതിക്കാരിയുടെ വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈൽ ഉപയോഗിച്ച് യുവതിയുടെ സുഹൃത്തുക്കൾക്ക് ഫോളോ റിക്ക്വസ്റ്റുകളും അയച്ചു. യുവതിയുടെ സുഹൃത്ത് വലയത്തിനുള്ളിലുള്ളവരെ മനഃപ്പൂർവ്വം അപകീർത്തിപ്പെടുത്താനും അപമാനിക്കാനും ലക്ഷ്യമിട്ടായിരുന്നു യുവാവിന്റെ നീക്കമെന്ന് പെലീസ് പറഞ്ഞു.
തുടർച്ചയായ നിരീക്ഷണത്തിലൂടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. കൂടുതൽ സ്ത്രീകളെ ലക്ഷ്യം വച്ചിട്ടുണ്ടോയെന്ന് അറിയാൻ ഇയാളുടെ ഫോൺ പിടിച്ചെടുത്ത് വിശദമായ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |