കൊച്ചി: ബന്ധുവായ യുവതിയെ സെക്‌സ് മാഫിയയ്ക്ക് കെെമാറാൻ ശ്രമിച്ച കേസിൽ നടി മിനു മുനീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെന്നെെ തിരുമംഗലം പൊലീസ് ആലുവയിലെത്തിയാണ് മിനുവിനെ കസ്റ്റഡിയിലെടുത്തത്. ഇവരെ ചെന്നെെയിൽ എത്തിക്കും. 2014ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സിനിമയിൽ അഭിനയിപ്പിക്കാമെന്ന വ്യാജേന യുവതിയെ തമിഴ്‌നാട്ടിൽ എത്തിച്ച് സെക്സ് മാഫിയയ്ക്ക് കെെമാറാൻ ശ്രമിച്ചെന്നാണ് പരാതി.
സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെ സമൂഹമാദ്ധ്യമം വഴി അപമാനിച്ചെന്ന കേസിൽ കഴിഞ്ഞമാസം മിനു മുനീറിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. കൊച്ചി ഇൻഫോപാർക്ക് പൊലീസ് അറസ്റ്റുചെയ്‌ത നടി പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. 'ദേ ഇങ്ങോട്ടു നോക്കിയേ" എന്ന സിനിമയുടെ ചിത്രീകരണസമയത്ത് സംവിധായകനായ ബാലചന്ദ്രമേനോൻ ലൈംഗികാതിക്രമം കാട്ടിയെന്ന് മിനു സമൂഹമാദ്ധ്യമത്തിലൂടെ ആരോപിച്ചത്.
ബാലചന്ദ്രമേനോനെതിരെ പൊലീസിൽ പരാതിയും നൽകിയിരുന്നു. തന്നെ അപകീർത്തിപ്പെടുത്തുകയാണെന്ന് ബാലചന്ദ്രമേനോൻ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യം തള്ളിയതിനെ തുടർന്നാണ് മിനുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ട് ആൾജാമ്യത്തിലാണ് വിട്ടയച്ചത്. ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് തിരുമംഗലം പൊലീസ് നടിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |