
ന്യൂഡൽഹി: അമ്യൂസ്‌മെന്റ് പാർക്കിലെ റോളർ കോസ്റ്ററിൽ നിന്നുവീണ് 24കാരിക്ക് ദാരുണാന്ത്യം. ന്യൂഡൽഹിയിൽ കഴിഞ്ഞ വ്യാഴാഴ്‌ച വൈകിട്ട് ആറരയോടെയാണ് സംഭവം നടന്നത്. ചാണക്യപുരിയിലെ ടെലികോം കമ്പനിയിൽ സെയിൽസ് മാനേജറായി പ്രവർത്തിക്കുകയായിരുന്ന പ്രിയങ്ക ആണ് മരിച്ചത്. കാപശേര അതിർത്തിക്ക് സമീപമുള്ള ഫൺ ആന്റ് ഫുഡ് വില്ലേജ് എന്ന പാർക്കിലാണ് അപകടം നടന്നത്.
പ്രതിശ്രുത വരനായ അഖിലിനൊപ്പമാണ് പ്രിയങ്ക പാർക്കിലെത്തിയത്. റോളർ കോസ്റ്ററിൽ ഇരിക്കവേ ഊഞ്ഞാൽ മുകളിലെത്തിയപ്പോൾ സ്റ്റാൻഡ് തകരുകയും പ്രിയങ്ക താഴേയ്ക്ക് വീഴുകയുമായിരുന്നു. അപകടത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നിഖിൽ തന്നെയാണ് പ്രിയങ്കയുടെ കുടുംബത്തെയും പൊലീസിനെയും വിവരം അറിയിച്ചത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
പാർക്ക് അധികൃതരുടെ അനാസ്ഥയാണ് പ്രിയങ്കയുടെ മരണത്തിലേയ്ക്ക് നയിച്ചതെന്ന് സഹോദരൻ മോഹിത് ആരോപിച്ചു. പാർക്കിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്നും അപകടത്തിനുശേഷം വളരെ വൈകിയാണ് പ്രിയങ്കയെ ആശുപത്രിയിൽ എത്തിച്ചതെന്നും കുടുംബം ആരോപിച്ചു. അപകടത്തിനുശേഷമാണ് അറ്റകുറ്റപ്പണികൾക്കായി റോളർ കോസ്റ്റർ ഉൾപ്പെടുന്ന പാർക്കിലെ ഭാഗം അടച്ചതെന്നും കുടുംബം ചൂണ്ടിക്കാട്ടി. അതേസമയം, പാർക്ക് അധികൃതർ ഇതുവരെ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. 2023 ജനുവരിയിലായിരുന്നു പ്രിയങ്കയുടെയും നിഖിലിന്റെയും വിവാഹനിശ്ചയം. അടുത്തവർഷം ഫെബ്രുവരിയിലാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |