
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ യുവാവിനെയും സ്ത്രീയെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഇടുക്കി കല്ലാർഭാഗം സ്വദേശി ഷേർളി മാത്യു (45), കോട്ടയം ആലുംമൂട് സ്വദേശി ജോബ് എന്നിവരെയാണ് ഇന്നലെ രാത്രി ഒമ്പത് മണിയോടെ മരിച്ചനിലയിൽ കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കുളപ്പുറത്തെ വാടകവീട്ടിലായിരുന്നു സംഭവം. ഈ വീട്ടിൽ ഷേർളി ഒറ്റയ്ക്കായിരുന്നു താമസം.
കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഷേർളിയെ ജോബ് കഴുത്തിന് കുത്തിപ്പരിക്കേൽപ്പിച്ചാണ് കൊലപ്പെടുത്തിയത്. മരണം സ്ഥിരീകരിച്ചതോടെ ഇയാൾ തൂങ്ങിമരിക്കുകയായിരുന്നു. ഇവർ തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായാണ് സൂചന. ഇതിന്റെപേരിൽ ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകുയായിരുന്നു. ഷേർളിക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടായിരുന്നുവെന്ന് ജോബ് ആരോപിച്ചിരുന്നു. തുടർന്ന് ജോബിനെതിരെ ഷേർളി കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനുപിന്നാലെയാണ് കൊലപാതകം.ഷേർളിയുടെ മൃതദേഹം കിടപ്പുമുറിയിലും ജോബിന്റേത് ഹാളിലുമാണ് കണ്ടത്. പിന്നിലെ വാതിൽ തുറന്നുകിടന്ന നിലയിലായിരുന്നു. ഇതുവഴിയാണ് പൊലീസ് അകത്തേക്ക് കടന്നത്.
ആറ് മാസങ്ങൾക്ക് മുൻപ് ഭർത്താവ് മരിച്ചതോടെയാണ് ഷേർളി വീട്ടിൽ താമസിക്കാനായി എത്തിയത്. യുവാവ് ഇടയ്ക്ക് മാത്രമേ വീട്ടിലെത്താറുള്ളൂവെന്നുമാണ് വിവരം. ഷേർളിയെ ഫോണിൽ ബന്ധപ്പെടാൻ സുഹൃത്തുക്കളും ബന്ധുക്കളും ശ്രമിച്ചിരുന്നെങ്കിലും മറുപടിയുണ്ടായിരുന്നില്ല. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറത്തറിയുന്നത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |