ലക്‌നൗ: ഇൻസ്റ്റഗ്രാമിൽ അശ്ലീല വീഡിയോകൾ പോസ്റ്റ് ചെയ്ത നാല് പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ സംഭാലിലാണ് സംഭവം. അശ്ലീലവും അസഭ്യ ഭാഷയും ഉപയോഗിച്ച് ഇൻസ്റ്റാഗ്രാം വീഡിയോ ചെയ്ത മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയുമാണ് സാംബാൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇത്തരത്തിലുള്ള വീഡിയോകളിലൂടെ പ്രതികൾ പ്രതിമാസം 25,000 മുതൽ 30,000 രൂപ വരെ സമ്പാദിച്ചിരുന്നെന്നാണ് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്. മെഹ്റുൽ നിഷ എന്ന പാരി, മെഹക്, ഹിന എന്നീ മൂന്ന് സ്ത്രീകളുടേതാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടുകളെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ രണ്ടുപേർ സഹോദരിമാരാണെന്നാണ് സൂചന. ഇൻസ്റ്റഗ്രാമിൽ കൂടുതൽ ഫോളോവേഴ്സിനെ നേടുന്നതിനും കൂടുതൽ സമ്പാദിക്കുന്നതിനുമായിട്ടാണ് ഇവർ ആക്ഷേപകരമായ വീഡിയോകൾ സൃഷ്ടിച്ച് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.
യുവതികളുടെ വീഡിയോ നിർമിക്കാനും പ്രമോട്ട് ചെയ്യാനും സഹായിച്ചതിനാണ് ജറാർ ആലം എന്നയാളെ അറസ്റ്റ് ചെയ്തത്. സാമൂഹിക പ്ലാറ്റ്‌ഫോമുകളിൽ സ്വയം പ്രകടിപ്പിക്കാൻ എല്ലാവർക്കും അവകാശമുണ്ട്, എന്നാൽ പൊതു മാന്യതയും സാമൂഹിക മാനദണ്ഡങ്ങളും അവഗണിക്കാമെന്ന് ഇതിനർത്ഥമില്ല'- പൊലീസ് പറഞ്ഞു. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഞായറാഴ്ചയാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 296(ബി) (അശ്ലീല പ്രവൃത്തികളും പാട്ടുകളും), ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിലെ സെക്ഷൻ 67 എന്നിവ പ്രകാരമാണ് കേസെടുത്തത്. ഇവരുടെ അറസ്റ്റ് സമാനമായ രീതിയിൽ കുറ്റകൃത്യം ചെയ്യുന്നവർക്കുള്ള മുന്നറിയിപ്പാണെന്നും അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |