
ലക്‌നൗ: വയറുവേദനയ്‌ക്ക് ആശുപത്രിയിൽ ചികിത്സ തേടിയ യുവതി ശസ്‌ത്രക്രിയയ്‌ക്ക് പിന്നാലെ മരിച്ചു. ഉത്തർപ്രദേശിലെ ബാരാബങ്കി ജില്ലയിലെ കോത്തി പ്രദേശത്ത് ഡിസംബർ നാലിനായിരുന്നു സംഭവം. മുനിഷാര റാവത്ത്(25) എന്ന യുവതിയാണ് മരിച്ചത്. അനധികൃതമായി പ്രവർത്തിച്ചിരുന്ന ക്ലിനിക്കിലെ വ്യാജ ഡോക്‌ടറും അയാളുടെ മരുമകനും ചേർന്ന് യൂട്യൂബ് നോക്കി ശസ്‌ത്രക്രിയ നടത്തിയതിന് പിന്നാലെയാണ് യുവതി മരിച്ചത്.
മൂത്രത്തിൽ കല്ലിന്റെ അസുഖമായിരുന്നു യുവതിക്ക്. കഠിനമായ വയറുവേദന അനുഭവപ്പെട്ടതോടെ ഭർത്താവാണ് യുവതിയെ അടുത്തുള്ള ക്ലിനിക്കിലേക്ക് കൊണ്ടുപോയത്. വയറുവേദനയ്‌ക്ക് കാരണം പിത്താശയത്തിലെ കല്ലാണെന്ന് വ്യാജ ഡോക്‌ടർ ഗ്യാൻ പ്രകാശ് മിശ്ര പറഞ്ഞു. എത്രയും വേഗം ഇത് മാറ്റണമെന്നും അതിനായി 25,000 രൂപ ചെലവ് വരുമെന്നും യുവതിയുടെ ഭർത്താവിനെ അറിയിക്കുകയും ചെയ്‌തു. ഇതനുസരിച്ച് യുവതിയുടെ ഭർത്താവ് 20,000 രൂപ കെട്ടിവച്ചതായും പൊലീസ് പറഞ്ഞു.
ഗ്യാൻ പ്രകാശ് മിശ്ര മദ്യലഹരിയിലായിരുന്നുവെന്നും യൂട്യൂബിൽ ടൂട്ടോറിയൽ വീഡിയോ കണ്ടശേഷമാണ് ശസ്‌ത്രക്രിയ ആരംഭിച്ചതെന്നും യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നുണ്ട്. ശസ്‌ത്രക്രിയ യുവതിയുടെ വയറ്റിൽ ആഴത്തിലുള്ള മുറിവുണ്ടാക്കി. ഇക്കാരണത്താൽ നിരവധി ഞരമ്പുകൾ പൊട്ടിപ്പോയി. പിന്നീട് ആരോഗ്യസ്ഥിതി വഷളായ യുവതി ഡിസംബർ ആറിന് വൈകിട്ടോടെ മരണത്തിന് കീഴടങ്ങിയെന്നും പരാതിയിൽ പറയുന്നുണ്ട്.
ശസ്ത്രക്രിയ നടത്തിയ സമയത്ത് മിശ്രയുടെ മരുമകൻ വിവേക് കുമാർ മിശ്ര സഹായിയായി ഉണ്ടായിരുന്നു. വിവേക് കുമാർ മിശ്ര റായ്ബറേലിയിലെ ഒരു ആയുർവേദ ആശുപത്രിയിലെ ജീവനക്കാരനാണ്. ഇയാളുടെ സർക്കാർ ജോലിയുടെ ബലത്തിൽ അനധികൃത ക്ലിനിക്ക് വർഷങ്ങളായി പ്രവർത്തിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.
ക്ലിനിക്ക് ഇപ്പോൾ പൊലീസ് സീൽ ചെയ്‌തിട്ടുണ്ട്. ക്ലിനിക്ക് ഓപ്പറേറ്റർക്കും മരുമകനുമെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |