
കൊച്ചി: എറണാകുളം നോർത്ത് കലാഭൻ റോഡിലെ ആളൊഴിഞ്ഞ വീട്ടിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ പൊലീസ് അന്വേഷിക്കുന്ന കൊല്ലം തൊടിയൂർ സ്വദേശി മുഹമ്മദ് അലി (26) കുപ്രസിദ്ധ മോഷ്ടാവ് കൊടിമരം ജോസിന്റെ കൂട്ടാളിയെന്ന് അന്വേഷണ സംഘം. സെപ്തംബർ 17ന് പുലർച്ചെ എറണാകുളം നോർത്ത് പാലത്തിന് സമീപം പത്തനംതിട്ട സ്വദേശി അഖിലേഷ് പി.ലാലനെയും കൂട്ടുകാരൻ വിഷ്ണുവിനെയും ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ അലി, കൊല്ലം പരവൂർ സ്വദേശി ഫിറോസ്, കൊല്ലം പള്ളിത്തോട്ടം സ്വദേശി കൊടിമരം ജോസ് എന്നിവരെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അലി പിന്നീട് ജാമ്യത്തിലിറങ്ങി എറണാകുളത്ത് തങ്ങുകയായിരുന്നു. ശനിയാഴ്ചയാണ് കലാഭവൻ റോഡ് അവസാനിക്കുന്ന ഭാഗത്ത് റെയിൽവേ ട്രാക്കിന് സമീപം ആളൊഴിഞ്ഞ വീട്ടിൽ കാഞ്ഞിരപ്പള്ളി സ്വദേശി അഭിജിത്ത് വിനീഷിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടത്. വെള്ളിയാഴ്ച രാത്രി മുഹമ്മദ് അലിക്കൊപ്പം അഭിജിത്ത് നോർത്ത് പാലത്തിന് സമീപത്ത് നിന്ന് പോകുന്ന ദൃശ്യങ്ങൾ സെൻട്രൽ പൊലീസിന് ലഭിച്ചിരുന്നു. കൊലപാതകം നടന്ന വീട്ടിൽ അലിയുൾപ്പെടെയുള്ളവർ എത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
മദ്യലഹരിയിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. അഭിജിത്തിന്റെ പുതിയ മൊബൈൽ ഫോൺ മോഷണം പോയതായി സ്ഥിരീകരിച്ചിട്ടുണ്ട്. യുവാവിന്റെ കൈവശം പണമുണ്ടായിരുന്നോ എന്ന് കണ്ടെത്താനായിട്ടില്ല. വധശ്രമം ഉൾപ്പെടെ കേസുകളിൽ പ്രതിയാണ് മുഹമ്മദ് അലി. നോർത്ത് പൊലീസ് സ്റ്റേഷനിലെ കവർച്ചാ കേസിൽ ഇയാൾ യുവാക്കളെ മുഖത്തടിച്ച് പരിക്കേൽപ്പിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അലിയും ഫിറോസും അറസ്റ്റിലായി ദിവസങ്ങൾ കഴിഞ്ഞാണ് കൊടിമരം ജോസിനെ തൃശൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. മുഹമ്മദ് അലിയെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |