
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒന്നിലധികം തവണയാണ് പ്രതി പീഡിപ്പിച്ചത്. ന്യൂ ഇയര്‍ പാര്‍ട്ടി കഴിഞ്ഞുള്ള രാത്രിയിലും പിന്നീട് ഇത് സുഹൃത്തുക്കളോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയുമായിരുന്നു തുടര്‍ പീഡനങ്ങള്‍. കേസില്‍ തിരുവനന്തപുരം തിരുവല്ലം സ്വദേശിയായ ഷൈനു (37) ആണ് പ്രതി. ഇയാളെ 50 വര്‍ഷത്തെ കഠിന തടവിനാണ് പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ജു മീര വിധിച്ചത്.
2018 ഡിസംബര്‍ 31ന് ന്യൂ ഇയര്‍ പാര്‍ട്ടി കഴിഞ്ഞ് മടങ്ങവേയായിരുന്നു ആദ്യത്തെ പീഡനം. 16കാരിയും സുഹൃത്തുക്കളും കോവളത്താണ് പുതുവത്സരാഘോഷത്തിന് പോയത്. ഷൈനുവും ഒപ്പമുണ്ടായിരുന്നു. പെണ്‍കുട്ടിയേയും സുഹൃത്തുക്കളേയും തന്റെ ബന്ധുവിന്റെ വീട്ടിലേക്ക് കൊണ്ട് പോയി ഇവിടെ വച്ചായിരുന്നു ആദ്യത്തെ പീഡനം. ഭയം കാരണം വിവരം പുറത്ത് പറയാതിരുന്ന പെണ്‍കുട്ടിയെ ഷൈനു പിന്നെയും മുതലെടുപ്പ് നടത്തി പീഡിപ്പിക്കുകയായിരുന്നു.
പീഡന വിവരം സുഹൃത്തുക്കളോട് പറയുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയും ഷൈനു നിരവധി തവണ അതിക്രമം നടത്തിയിരുന്നു. പിന്നീട് പെണ്‍കുട്ടിയും സഹോദരിയും സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവം കാണാന്‍ പോയി മടങ്ങിയെത്താന്‍ വൈകിയതോടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. കുട്ടികളുടെ ഫോണില്‍ വിളിച്ചിട്ടും കിട്ടാതെ വന്നപ്പോഴാണ് പരാതി നല്‍കിയത്. പൂന്തുറ പൊലീസ് കുട്ടികളെ കണ്ടെത്തുകയും, നടപടിക്രമങ്ങളുടെ ഭാഗമായി ഇരുവരെയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.
വൈദ്യ പരിശോധനയ്ക്കിടെയാണ് 16കാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കാര്യം കണ്ടെത്തിയത്. ഭീഷണി ഭയന്നാണ് വിവരം പുറത്ത് പറയാത്തതെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയില്‍ നിന്ന് ശേഖരിച്ച പുരുഷ ബീജം ഡി.എന്‍.എ പരിശോധനക്ക് അയച്ചു. മോഷണ കേസില്‍ കസ്റ്റഡിയിലായ പ്രതിയെ ഈ കേസില്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി അയാളുടെ ഡി.എന്‍.എ സാമ്പിള്‍ ശേഖരിച്ചു. മാസങ്ങള്‍ക്ക് ശേഷം അതിന്റെ ഫലം വന്നപ്പോഴാണ് ഷൈനുവിന്റേതാണെന്ന് സ്ഥിരീകരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |