
വിഴിഞ്ഞം: കോവളം കുഴിവിള കരിങ്കാളി ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു.വെങ്ങാനൂർ നീലകേശി പണ്ടാരവിളാകം സ്വദേശികളായ നവീൻരാജ് (32),സുഹൃത്ത് വിഷ്ണുദേവ് (30) എന്നിവർക്കാണ് വെട്ടേറ്റത്.സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇക്കഴിഞ്ഞ 23ന് രാത്രി 10.30ഓടെയായിരുന്നു സംഭവം.ക്ഷേത്രത്തിലെ പരിപാടി കാണാനെത്തിയവർ തമ്മിലുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.വെട്ടേറ്റവരുടെ സുഹൃത്തായ അരുൺ ചന്ദ്രനും പ്രതികളിലൊരാളായ പ്രണവും തമ്മിൽ നേരത്തെ വാക്കുതർക്കമുണ്ടായിരുന്നു.ഇവരെ സ്ഥലത്ത് നിന്ന് മാറ്റി അയച്ചെങ്കിലും പിന്നീട് സംഘടിച്ചെത്തിയ പ്രതികൾ അരുൺ ചന്ദ്രനെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.ഇതുതടയാൻ ശ്രമിക്കുന്നതിനിടെയാണ് നവീൻരാജിനും വിഷ്ണുദേവിനും വെട്ടേറ്റത്.
മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ നവീൻരാജിന്റെ ഇടത് കൈക്കുഴയിലെ ഞരമ്പ് മുറിയുകയും,കൈയ്ക്ക് ഒടിവ് സംഭവിക്കുകയും ചെയ്തു.കഴുത്തിന് നേരെ വന്ന വെട്ട് തടയാൻ ശ്രമിക്കുമ്പോഴാണ് കൈയ്ക്ക് പരിക്കേറ്റത്.നെഞ്ചിനുനേരെ വന്ന ആക്രമണത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നതിനിടെയാണ് വിഷ്ണുദേവിന്റെ വയറിൽ വെട്ടേറ്റത്.
സംഭവത്തിൽ കോവളത്ത് ഹോട്ടൽ നടത്തുന്ന ഉണ്ണി,പ്രണവ്,സച്ചിൻ,വിപിൻ രാജ് എന്നിവർക്കെതിരെ കോവളം പൊലീസ് കേസെടുത്തു. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.പരിക്കേറ്റവർ ചികിത്സയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |