വടക്കൻ പറവൂർ: ചേന്ദമംഗലത്ത് ദമ്പതികളെയും മകളെയും അയൽവാസിയായ യുവാവ് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചേന്ദമംഗലം പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (കണ്ണൻ, 60), ഭാര്യ ഉഷ (52), മകൾ വിനിഷ (32) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ വിനിഷയുടെ ഭർത്താവ് ജിതിൻ ബോസിന് (36) പരിക്കേറ്റു. ജിതിനെ മാത്രം ആക്രമിക്കുകയായിരുന്നു ഉദ്ദേശമെന്ന് പ്രതി റിതു ജയൻ പൊലീസിന് മൊഴി നൽകി.
ജിതിനെ ആക്രമിക്കുന്നത് തടുക്കാൻ ശ്രമിച്ചപ്പോഴാണ് വേണുവിനെയും ഉഷയേയും ആക്രമിച്ചത്. ഇതുകണ്ട് ഓടിയെത്തിയ വിനിഷയുടെ തലയ്ക്കടിച്ചെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ആക്രമണത്തിന് ശേഷം പ്രതി വസ്ത്രം മാറി പുറത്തിറങ്ങിയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തോളമായി ജിതിനും അയൽവാസികളും തമ്മിൽ തർക്കം നിലനിന്നിരുന്നു.
റിതു രാജിനെ ഇന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്യും. മുൻ വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ജിതിൻ ബോസിപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടത്തും. ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്‌കാരം വൈകിട്ട് നടക്കും.
ബംഗളൂരുവിൽ ഹോട്ടൽ നടത്തുന്ന റിതു പലപ്പോഴും ചേന്ദമംഗലത്തെ വീട്ടിലുണ്ടാകാറുണ്ട്. ലഹരിക്കടിമയും മൂന്ന് കേസുകളിൽ പ്രതിയുമായ ഇയാൾ വടക്കേക്കര സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റിലുമുണ്ട്. വിനിഷയെ ശല്യം ചെയ്തതിനും വീടിന് നേരെ ആക്രമണം നടത്തിയതിനും മറ്റും റിതുവിനെതിരെ വീട്ടുകാർ വടക്കേക്കര പൊലീസിൽ നേരത്തെ പരാതി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |