
കണ്ണൂർ: ആർപിഎഫ് ഉദ്യോഗസ്ഥൻ ക്രൂരമർദ്ദനത്തിനിരയായി. കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ശശീന്ദ്രനാണ് മർദ്ദനത്തിനിരയായത്. റെയിൽവേയിലെ താത്‌കാലിക ജീവനക്കാരനായ മമ്പറം സ്വദേശി ധനേഷ് സംഭവത്തിൽ പിടിയിലായി. പ്ളാറ്റ്‌ഫോമിൽ കിടന്നുറങ്ങുകയായിരുന്ന ഇയാളെ ശശീന്ദ്രൻ വിളിച്ചുണർത്തിയതാണ് പ്രകോപനത്തിന് കാരണം.
ആർപിഎഫ് ഉദ്യോഗസ്ഥന് ഡ്യൂട്ടിക്കിടെയാണ് മർദ്ദനമേറ്റതെന്ന് പൊലീസ് പറഞ്ഞു.'സ്ത്രീകളുടെ വെയിറ്റിംഗ് റൂമിന് മുന്നിലായി പ്രതി കിടന്നുറങ്ങുകയായിരുന്നു. ഇയാളുടെ ബാഗും ഫോണും കുറച്ച് ദൂരയായി കിടന്നിരുന്നു. ഇത് നഷ്ടപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ എടുത്ത് വയ്ക്കൂവെന്ന് ആർപിഎഫ് ഉദ്യോഗസ്ഥൻ നിർദേശിച്ചതോടെ യാതൊരു പ്രകോപനവുമില്ലാതെ മർദ്ദിക്കുകയായിരുന്നു. യൂണിഫോം വലിച്ചുകീറുകയും ബോഡി ക്യാമറ നശിപ്പിക്കുകയും ചെയ്തു. ശരീരത്തിൽ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ആശുപത്രിയിൽ ചികിത്സ തേടിയതിനുശേഷമാണ് ശശീന്ദ്രൻ സ്റ്റേഷനിലെത്തി മൊഴി നൽകിയത്. സംഭവത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്'-പൊലീസ് അറിയിച്ചു. പ്രതി മദ്യലഹരിയിലായിരുന്നുവെന്നാണ് നിഗമനം. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |