കരുവാരക്കുണ്ട്: തുവൂരിൽ അടച്ചിട്ട വീട്ടിൽ നിന്നു രണ്ടര പവൻ സ്വർണാഭരണവും 27000 രൂപയും മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. വഴിക്കടവ് പൂവത്തിപൊയിയിൽ സ്വദേശി വാക്കയിൽ അക്ബറിനെയാണ് (53) കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സി.കെ.നാസറും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു.
ഇക്കഴിഞ്ഞ ജനുവരി 21 നാണ് കേസിനാസ്പദമായ സംഭവം. തുവൂർ വേട്ടേക്കരൻ ക്ഷേത്രത്തിനു സമീപമുള്ള പുന്നക്കുന്നത്ത് രാജീവിന്റെ വീട്ടിൽ നിന്നാണ് സ്വർണാഭരണവും പണവും മോഷ്ടിച്ചത്. രാജീവും കുടുംബവും വീട്ടിലില്ലാത്ത സമയത്ത് പിൻഭാഗത്തെ വാതിൽ പൊളിച്ച് അകത്ത് കയറിയ പ്രതി അലമാരയിൽ സൂക്ഷിച്ച പണവും ആഭരണവുമാണ് കവർന്നത്. മോഷണ രീതി മനസിലാക്കിയ പോലീസ് കൃത്യം നടത്തിയത് അക്ബറാണെന്നു സംശയിക്കുകയും ഇയാൾ അട്ടപ്പാടിയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അവിടെയെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. കഴിഞ്ഞ ആഗസ്റ്റിൽ പുളിങ്കടവിലും സമാനമായ മോഷണം നടത്തി അകത്തായിരുന്ന പ്രതി ജനുവരി 11നാണ് ജാമ്യത്തിലിറങ്ങിയത്. തുവൂരിൽ നിന്നു മോഷ്ടിച്ച സ്വർണം എടക്കരയിലെ ഒരാൾക്ക് വിൽപ്പന നടത്തിയതായി കണ്ടെത്തുകയും പൊലീസ് തിരിച്ചെടുക്കുകയും ചെയ്തു. പ്രതിയെ തുവൂരിലെ സംഭവ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. തുടർന്ന് മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫീസർ സി.കെ.നാസറിനെ കൂടാതെ എസ്‌ഐ രവികുമാർ, എസ്.സി.പി.ഒമാരായ പ്രവീൺ, മനു മാത്യു, സി.പി.ഒമാരായ മനു പ്രസാദ്, സ്വരൂപ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |