ബംഗളൂരു: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി സ്‌കൂളിലെ ടോയ്‌ലറ്റിനുള്ളിൽ പ്രസവിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കർണാടകയിലെ യാദ്‌ഗിർ ജില്ലയിലെ ഷഹാപൂർ താലൂക്കിലെ ഒരു സർക്കാർ സ്‌കൂളിലാണ് സംഭവം. 28കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഈ മാസം 27നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ക്ലാസിലിരിക്കുമ്പോൾ വയറുവേദന അനുഭവപ്പെട്ടതോടെ 17കാരി ശുചിമുറിയിലേക്ക് പോവുകയായിരുന്നു. കുട്ടിയുടെ ശാരീരിക അസ്വസ്ഥതകൾ ശ്രദ്ധയിൽപ്പെട്ട സഹപാഠികൾ ഉടൻതന്നെ അദ്ധ്യാപകരെ വിവരമറിയിച്ചു. തുടർന്ന് ഇവരെത്തി പെൺകുട്ടിയെയും നവജാത ശിശുവിനെയും ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്ന് പൊലീസ് അറിയിച്ചു.
ഒമ്പത് മാസം മുമ്പ് പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. കടുത്ത മാനസിക സമ്മർദത്തിലായിരുന്നു കുട്ടി പൊലീസിന് മൊഴി നൽകാൻ തയ്യാറായില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് 28കാരനെ അറസ്റ്റ് ചെയ്‌തത്. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം കൗൺസിലിംഗ് നൽകിയ ശേഷം കൂടുതൽ കാര്യങ്ങൾ ചോദിച്ച് മനസിലാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |