നേമം: കരമന - കളിയിക്കാവിള ദേശീയപാതയിൽ നേമം പൊലീസ് സ്റ്റേഷന് എതിർവശത്ത് ആളില്ലാത്ത വീട് കുത്തിത്തുറന്ന് കവർച്ച.ഹോം തിയേറ്ററടക്കം നാല് ലക്ഷത്തോളം രൂപയുടെ ഇലക്ട്രോണിക്സ് സാധനങ്ങൾ നഷ്ടപ്പെട്ടു.
പൊലീസ് സ്റ്റേഷനിൽ നിന്ന് നൂറ് മീറ്റർ അകലം പോലുമില്ലാത്ത ഗണപതി കോവിലിന് എതിർവശത്ത്, ദേശീയപാതയോട് ചേർന്നുള്ള സീതി മീരാൻ സാഹിബിന്റെ താജ് ഹൗസിലായിരുന്നു മോഷണം.
കവർച്ചാസംഘം മുൻവശത്തെ വാതിൽപ്പാളി പാര കൊണ്ട് ഇളക്കി അകത്ത് കടക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ടിവി,ഹോം തിയേറ്റർ,ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയാണ് നഷ്ടപ്പെട്ടതെന്ന് വീട്ടുടമ സീതി മീരാൻ സാഹിബ് പറഞ്ഞു.നേമം സ്വദേശിയായ സീതിയും കുടുംബവും സ്ഥിരമായി ഈ വീട്ടിൽ താമസിക്കാറില്ല.ഞായറാഴ്ച വൈകിട്ട് ഈ വീട് പൂട്ടി ഇവർ വഴുതക്കാട്ടിലുള്ള മറ്റൊരു വീട്ടിൽ പോയി.തിങ്കളാഴ്ച വൈകിട്ട് മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്.
ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ച വെളുപ്പിനോ ആണ് മോഷണം നടന്നതെന്നാണ് നിഗമനം.വീട്ടിലെ സി.സി ടിവി ക്യാമറയുടെ ദിശതിരിച്ചു വച്ചശേഷമായിരുന്നു മോഷണം.സി.സി ടിവിയുടെ ഹാർഡ് ഡിസ്കും നഷ്ടപ്പെട്ടിട്ടുണ്ട്.
ഇലക്ട്രോണിക്ക് ഉപകരണങ്ങൾ കവർച്ച ചെയ്യുന്ന സംഘമായിരിക്കുമെന്നും,വീട്ടുടമ സ്ഥലത്തില്ലെന്ന് മനസിലാക്കിയാവും കവർച്ച നടത്തിയതെന്നുമാണ് പൊലീസ് നിഗമനം.
നേമം പൊലീസ് പ്രാഥമിക പരിശോധന നടത്തി.ഇനി ഫിംഗർ പ്രിന്റ് വിദഗ്ദ്ധരെയും,ഡോഗ് സ്‌ക്വാഡിനെയും എത്തിച്ച് പരിശോധിച്ച് അന്വേഷണം ശക്തമാക്കുമെന്ന് നേമം പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |