കണ്ണൂർ: ഇത്രയും വലിയൊരു ജയിൽ ഗോവിന്ദച്ചാമി എങ്ങനെ ചാടിയെന്ന് കൊല്ലപ്പെട്ട യുവതിയുടെ അമ്മ. ആരുടെയെങ്കിലും സഹായമില്ലാതെ ഇങ്ങനെ ചെയ്യാനാകില്ലെന്നും എത്രയും പെട്ടെന്ന് അയാളെ പിടികൂടണമെന്നും അവർ ആവശ്യപ്പെട്ടു.
'ഒരു പെൺകുട്ടിയെ പിച്ചിച്ചീന്തിയവനാണ് അവൻ. അവനെ വെറുതെ വിടരുത്. ഇതുകേട്ടതുമുതൽ ശരീരം വിറച്ചിട്ട് ഒന്നിനും പറ്റുന്നില്ല. നമ്മുടെ പൊലീസുകാരല്ലേ, ഇയാളെ പിടിക്കും. ആരുടെയെങ്കിലും സപ്പോർട്ടില്ലാതെ ഈ ഒറ്റക്കയ്യൻ ജയിൽ ചാടില്ല.'- യുവതിയുടെ അമ്മ പറഞ്ഞു.
കൃത്യമായ ആസൂത്രണത്തോടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത് . ഇയാൾക്ക് ജയിലിന് പുറത്തുനിന്നുള്ള സഹായവും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. അടുത്തകാലത്ത് പ്രതിയെ കാണാൻ വന്ന ചിലരെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നാണ് വിവരം. കൂടാതെ ജയിൽ ഉദ്യോഗസ്ഥർ ആരെങ്കിലും സഹായിച്ചോയെന്നും പരിശോധിച്ചുവരികയാണ്.
ജയിലിൽ നിന്നിറങ്ങിയതിന് പിന്നാലെ ഇയാൾ എവിടേക്ക് പോയെന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പരിശോധിച്ചുവരികയാണ്. ഇയാളുടെ ഇടതുകൈ നേരത്തെ മുറിച്ചുമാറ്റിയതാണ്. ഒറ്റക്കയ്യുമായി 7.5 മീറ്റർ മതിലാണ് ചാടിയത്. കൂടാതെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ചാടിക്കയറി നിരവധി മോഷണങ്ങളും മറ്റും പ്രതി നടത്തിയിട്ടുണ്ട്. അതിനാൽത്തന്നെ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലുമൊക്കെ പരിശോധന നടത്തിവരികയാണ്. സംസ്ഥാനമൊട്ടാകെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജയിൽ ഡിജിപി കണ്ണൂരിലെത്തി. പ്രതിയുടെ ഇടതുകവിളിൽ മുറിപാടുണ്ട്.
2011 ഫെബ്രുവരി ഒന്നിനാണ് ഗോവിന്ദച്ചാമി യുവതിയെ ബലാത്സംഗം ചെയ്‌തത്. ആറിന് യുവതി മരിച്ചു. തമിഴ്നാട് വിരുദാചലം സ്വദേശിയാണ് ഗോവിന്ദച്ചാമി. ചാർളി തോമസ് എന്ന പേരിലും അറിയപ്പെടുന്നു. തമിഴ്നാട്ടിൽ മോഷണമടക്കം നിരവധി കേസുകളിൽ പ്രതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |