കോഴിക്കോട്: ഹോട്ടലിന്റെ ക്യാഷ് കൗണ്ടറിൽ വെച്ചിരുന്ന പണം അടങ്ങിയ നേർച്ച പെട്ടി മോഷണം ചെയ്ത കേസിലെ പ്രതി തൃശ്ശൂർ സ്വദേശി തേക്കിനിയേടത്തു സന്തോഷ് കുമാറിനെ (51) പൊലീസ് അറസ്റ്റ് ചെയ്തു. ഫറോക്ക് എ.സി.പി സ്‌ക്വാഡും നല്ലളം പൊലീസും ചേർന്ന് തൃശൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. അരീക്കാട് ഹോട്ട് ബേക്ക് ഹോട്ടലിലെ നേർച്ചപ്പെട്ടിയാണ് കവർന്നത്. ഈ മാസം 23ന് രാവിലെ ഹോട്ടലിൽ കയറിയ പ്രതി ചായ കുടിച്ച ശേഷം ക്യാഷ് കൗണ്ടറിൽ ആളൊഴിഞ്ഞ തക്കം നോക്കി ചായ കുടിച്ച പണം ചില്ലറയായി നൽകി. ക്യാഷ് കൗണ്ടറിൽ ഇരുന്ന ആൾ ചില്ലറ എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ വിദഗ്ധമായി പണം അടങ്ങിയ ബോക്സ് കൈക്കലാക്കുകയായിരുന്നു. തുടർന്ന് നല്ലളം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സംഭവ സ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയുമായിരുന്നു. പ്രതിക്ക് കേരളത്തിലെ വിവിധ ജില്ലകളിലായി സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ നടത്തിയതിന് നിരവധി മോഷണ കേസുകൾ നിലവിലുള്ളതായി പൊലീസ് പറഞ്ഞു. കൂടാതെ ഇയാൾ മോഷ്ടിക്കാൻ കയറിയ സ്ഥലങ്ങളുടെയും സ്ഥപനങ്ങളുടേയും പേര് ബുക്കിൽ എഴുതി കൈവശം സൂക്ഷിച്ചിരുന്നു. നല്ലളം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുമിത്ത് കുമാറിന്റെ നിർദേശപ്രകാരമുള്ളവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |