
കൊച്ചി: ഭൂട്ടാൻ കാർ കടത്ത് കേസിലെ പ്രതി രോഹിത് ബേദിയെ ചോദ്യംചെയ്യാൻ തയ്യാറെടുത്ത് പൊലീസ്. ഹാജരാകണമെന്ന് കാട്ടി ഉടൻ നോട്ടീസ് നൽകും. ഇയാളെ ചോദ്യം ചെയ്താൽ മാത്രമേ തട്ടിപ്പിന്റെ വ്യാപ്തി തിരിച്ചറിയാനാകൂ. രോഹിത് കേരളത്തിലേക്ക് കൂടുതൽ കാറുകൾ വിറ്റിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്. 2025 സെപ്തംബറിലാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം രാജ്യവ്യാപകമായി 'നുംഖോർ" എന്ന പേരിൽ ഓപ്പറേഷൻ നടത്തിയത്. കാർ കടത്തിലെ തട്ടിപ്പ് മാത്രമാണ് പൊലീസ് അന്വേഷിക്കുന്നത്.
ഞായറാഴ്ചയാണ് ഭൂട്ടാൻ കാർകടത്തിൽ ആദ്യ കേസ് പൊലീസ് രജിസ്റ്റർ ചെയ്തത്. കലൂർ സ്വദേശിയായ 22 കാരന്റെ പരാതിയിലായിരുന്നു നടപടി. ഭൂട്ടാനിലെ ഇന്ത്യൻ എംബസിയിൽ ഉപയോഗിച്ച ടൊയോട്ട ലാൻഡ് ക്രൂയിസർ കാറെന്ന വ്യാജേന, ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച കാർ 14 ലക്ഷം രൂപയ്ക്ക് നൽകി കബളിപ്പിച്ചെന്നാണ് കേസ്. ഓപ്പറേഷൻ നുംഖോറിൽ കുടുങ്ങിയപ്പോഴാണ് ഹിമാചൽ പ്രദേശിലെ ഷിംലയിൽ എത്തിച്ച് വ്യാജ രജിസ്‌ട്രേഷൻ നടത്തിയ കാറാണിതെന്ന് ഉടമ തിരിച്ചറിഞ്ഞത്. പരാതിക്കാരൻ കഴിഞ്ഞ ദിവസം സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
2024 ജൂണിൽ നടന്ന സംഭവമായതിനാൽ ഐ.പി.സി പ്രകാരമുള്ള വകുപ്പുകളാണ് പ്രതി രോഹിത് ബേദിക്കെതിരെ ചുമത്തിയിട്ടുള്ളത്. പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കേരളത്തിൽ 200 വാഹനങ്ങൾ വിറ്റഴിച്ചെന്ന് കണ്ടെത്തിയെങ്കിലും ഇതിൽ 49 എണ്ണം മാത്രമേ കസ്റ്റഡിയിൽ എടുക്കാനായുള്ളൂ. ശേഷിച്ചവ അതിർത്തി കടന്നെന്നാണ് വിവരം. ഭൂട്ടാൻ - പശ്ചിമബംഗാൾ അതിർത്തി പ്രദേശമായ ഫുന്റഷോലിംഗ് വഴി ഇന്ത്യയിലേക്ക് വാഹനങ്ങളെത്തിച്ച് വ്യാജരേഖകൾ ഉപയോഗിച്ച് അസാം, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലാണ് രജിസ്റ്റർ ചെയ്തിരുന്നത്.
ഭൂട്ടാൻ കാർ ഇടപാടില്ല: രോഹിത് ബേദി
ഭൂട്ടാൻ കാർ കടത്തിൽ ഒളിച്ചുകളിച്ച് പ്രതി രോഹിത് ബേദി. കേരളത്തിലേക്ക് കാർ വിറ്റിട്ടില്ലെന്നും തനിക്ക് ഭൂട്ടാൻ കാർ ഇടപാടോ വാഹനക്കച്ചവടമോ ഇല്ലെന്നും രോഹിത് കേരളകൗമുദിയോട് പറഞ്ഞു. തനിക്കെതിരെ കേരളത്തിൽ കേസ് രജിസ്റ്റർ ചെയ്തത് അറിയില്ല. ഡൽഹിയിലാണ് താമസിക്കുന്നത്. കേസ് എടുത്തത് സംബന്ധിച്ച് അറിയിക്കാൻ പൊലീസ് തന്നെ വിളിക്കുകപോലും ചെയ്തിട്ടില്ലെന്നും രോഹിത് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |