
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് യുവാവിന്റെ കഴുത്തിൽ കത്തിവച്ചും കല്ലുകൊണ്ടടിച്ചും ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്ന കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെടെ പ്രതിയായ കടവന്ത്ര ഗാന്ധിനഗർ ഓട്ടനിരത്തിൽ വീട്ടിൽ ജെറിൻ ഷാജിയാണ് (32)എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്.
തമിഴ്നാട് കന്യാകുമാരി സ്വദേശിയായ മത്സ്യത്തൊഴിലാളി മറിയ അൽദോയാണ് (32) കവർച്ചയ്ക്കിരയായത്. മുനമ്പം തുറമുഖത്ത് ജോലി ചെയ്യുന്ന അൽദോ നാട്ടിലേക്ക് പോകാൻ എറണാകുളം റെയിൽവേ സ്റ്റേഷനിലേക്ക് വരുംവഴി 23ന് രാത്രി 11.30നായിരുന്നു സംഭവം. സ്റ്റേഷൻ പരിസരത്തെ ഇടറോഡിൽ സ്ഥിതി ചെയ്യുന്ന ക്യൂബ് ഹോട്ടലിന് സമീപം നിന്ന പ്രതികൾ തനിച്ച് നടന്നുവരുന്ന അൽദോയെ തടഞ്ഞുനിറുത്തി. ജെറിനാണ് യുവാവിന്റെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തിയത്. രണ്ടാം പ്രതി കല്ലുകൊണ്ട് മുതുകിൽ ഇടിച്ച് പരിക്കേൽപ്പിച്ചു. തുടർന്ന് ജീൻസിന്റെ പോക്കറ്റിൽ നിന്ന് 32,000 രൂപ വിലപിടിപ്പുള്ള മൊബൈൽ ഫോണും പേഴ്സിൽ നിന്ന് 3500 രൂപയും കവർന്നു. എ.ടി.എം കാർഡും ഡ്രൈവിംഗ് ലൈസൻസും സഹിതമാണ് പ്രതികൾ കടന്നത്. സൗത്ത് സ്റ്റേഷൻ പരിസരത്തുണ്ടായിരുന്ന ഓട്ടോ തൊഴിലാളികളും മറ്റും ചേർന്നാണ് റെയിൽവേ പൊലീസിനെയും ആർ.പി.എഫിനെയും അറിയിച്ചത്. സെൻട്രൽ പൊലീസ് കേസെടുത്തു.
റെയിൽവേ സ്റ്റേഷൻ പരിസരത്തെ നിരവധി സി.സി ടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചാണ് ജെറിനെ തിരിച്ചറിഞ്ഞത്. സെൻട്രൽ എസ്.എച്ച്. ഒ അനീഷ് ജോയി, എസ്.ഐ അനൂപ് ചാക്കോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കൂട്ടുപ്രതിയേയും തിരിച്ചറിഞ്ഞിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |