
കാസർകോട്: കുമ്പഡാജെ അജിലയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മ പുഷ്പലത വി. ഷെട്ടി (70)യെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്വർണ്ണമാല കവർന്ന കേസിൽ നിർണായക തെളിവായ കവർച്ച ചെയ്ത സ്വർണ്ണമാല പൊലീസ് കണ്ടെത്തി. മൂന്ന് ലക്ഷത്തോളം രൂപ വിലവരുന്ന മൂന്നര പവനോളം തൂക്കം വരുന്ന കരിമണി മാലയാണ് പ്രതിയുടെ വീട്ടു പരിസരത്ത് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
ബദിയടുക്ക പൊലീസ് ബി.എൻ.എസ് 194 വകുപ്പ് പ്രകാരം അസ്വഭാവിക മരണത്തിന് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ബി.എൻ.എസ് 103(1), 309(4), 332(a) വകുപ്പുകൾ ചേർത്ത് ഭേദഗതി ചെയ്തിരുന്നു.
14ന് രാത്രി 9.40നും 15ന് രാവിലെ 9.30നും ഇടയിലാണ് കൊലപാതകവും കവർച്ചയും നടന്നത്. കുമ്പഡാജെ അജിലയിൽ താമസിച്ചിരുന്ന പുഷ്പലത ഷെട്ടിയെ വീട്ടിൽ അനക്കമില്ലാതെ കിടക്കുന്നതായി കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് സർജന്റെ റിപ്പോർട്ടും സാക്ഷിമൊഴികളും അടിസ്ഥാനമാക്കി, പ്രതി വീട്ടിൽ അതിക്രമിച്ചു കയറി കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കഴുത്തിലുണ്ടായിരുന്ന സ്വർണ്ണ കരിമണിമാല കവർച്ച ചെയ്തതായി വ്യക്തമായി.
കാടുവെട്ട് തൊഴിലാളിയായ പ്രതി പരമേശ്വര കെ എന്ന രമേശ് നായിക് (48) സംഭവ ദിവസവും അതിനുമുമ്പുള്ള ദിവസങ്ങളിലും പ്രദേശത്ത് സഞ്ചരിച്ചതായും, വലതു കൈയുടെ ഉൾവശത്ത് പരിക്ക് ഉണ്ടായിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മത മൊഴി നൽകിയതോടെയാണ് കവർച്ച ചെയ്ത സ്വർണ്ണമാല കണ്ടെത്തിയത്. 16ന് വൈകിട്ട് 7 മണിയോടെ ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ വെച്ച് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കാസർകോട് ജില്ലാ പൊലീസ് മേധാവി വിജയ് ഭരത് റെഡ്ഡിയുടെ മേൽനോട്ടത്തിലും, ഡിവൈ.എസ്.പി സി.കെ. സുനിൽകുമാറിന്റെ നേതൃത്വത്തിലുമാണ് പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കുന്നത്. ബദിയടുക്ക ഇൻസ്പെക്ടർ എ. സന്തോഷ് കുമാറാണ് അന്വേഷണ ഉദ്യോഗസ്ഥൻ. പരിയാരം മെഡിക്കൽ കോളേജിലെ പൊലീസ് ഫോറൻസിക് സർജൻ സംഭവസ്ഥലം സന്ദർശിക്കുകയും കണ്ടെത്തിയ സ്വർണ്ണമാല കൊല്ലപ്പെട്ട പുഷ്പലത ഷെട്ടിയുടെ ഏക സഹോദരിയുടെ മകൾ വംശജ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണം തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |