
കൃഷ്‌ണപ്രിയയുടെ മൊഴിയിലെ വൈരുദ്ധ്യം അന്വേഷിക്കുന്നു
നെയ്യാറ്റിൻകര: ഒരുവയസുകാരൻ ഇഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പിതാവ് ഷിജിലിനെ (31) നിലവിൽ കസ്റ്റഡിയിൽ വാങ്ങേണ്ടതില്ലെന്ന് പൊലീസ്. ദുരൂഹതകൾ നിലനിൽക്കുന്നതിനാൽ ഷിജിലിന്റെയും ഭാര്യ കൃഷ്ണപ്രിയയുടെയും ബന്ധുക്കളെ വിശദമായി ചോദ്യം ചെയ്ത ശേഷം കസ്റ്റഡി അപേക്ഷ നൽകിയാൽ മതിയെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
ഷിജിൽ കൈമുട്ടുകൊണ്ട് വയറ്റിലിടിച്ചതിനെ തുടർന്ന് കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചെന്നാണ് നിലവിലെ നിഗമനം. എന്നാൽ ഈ സംഭവത്തിന് ദൃക്‌സാക്ഷികളില്ല. കുട്ടി മരിച്ച ജനുവരി 16ന് തങ്ങൾക്ക് ഒന്നും അറിയില്ലെന്ന നിലപാടിലായിരുന്നു ദമ്പതികൾ. എന്നാൽ നാലാം ദിവസം കൃഷ്ണപ്രിയ മൊഴിമാറ്റുകയും ഷിജിലാണ് കൊലപ്പെടുത്തിയതെന്ന് പറയുകയുമായിരുന്നു. അതുവരെ വിവരം രഹസ്യമാക്കി വച്ചതിൽ ദുരൂഹതയുണ്ടെന്ന് നെയ്യാറ്റിൻകര എസ്.എച്ച്.ഒ പ്രകാശ് വ്യക്തമാക്കി.
കുഞ്ഞ് അബോർഷനായി പോകുമെന്നും അല്ലെങ്കിൽ ഒരു വയസിൽ മരിക്കുമെന്നും കൃഷ്ണപ്രിയ ഷിജിലിന്റെ വീട്ടുകാരോട് പറഞ്ഞതായി വിവരമുണ്ട്. മാറനല്ലൂരിലെ ഒരു പാസ്റ്ററാണ് ഇക്കാര്യം പറഞ്ഞതെന്നാണ് കൃഷ്‌ണപ്രിയ നൽകിയ സൂചന. ഈ പ്രവചനവും കൊലപാതകവും തമ്മിൽ ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കൃഷ്‌ണപ്രിയയുടെ മൊഴികളിലെ പരസ്‌പര വിരുദ്ധതയും അവ്യക്തതയും വിശദമായി പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |