SignIn
Kerala Kaumudi Online
Wednesday, 20 May 2026 9.32 PM IST

'അമിതാഭ് ബച്ചൻ പോലും ഒരു വൃക്കയുമായാണ് ജീവിക്കുന്നത്'; വൃക്ക റാക്കറ്റിലെ മുഖ്യസൂത്രധാരൻ അറസ്റ്റിൽ

kidney-racket

ലക്‌നൗ: വൃക്ക റാക്കറ്റിലെ മുഖ്യസൂത്രധാരനായ രോഹിത് തിവാരി അറസ്റ്റിൽ. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസയോഗ്യത മാത്രമുള്ള ഇയാൾ 30ഓളം സർജറികൾ നടത്തിയതായി പൊലീസ് കണ്ടെത്തി. രോഹിത് തിവാരിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് 25000 രൂപയാണ് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചത്.

കാൺപൂരിലെ ആശുപത്രികൾ കേന്ദ്രീകരിച്ചു നടന്നിരുന്ന അവയവക്കച്ചവടം സംബന്ധിച്ച വാർത്തകൾ കഴിഞ്ഞ കുറച്ചുനാളുകളായി ദേശീയതലത്തിൽ വലിയ ശ്രദ്ധ നേടിയിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മസ്‍വാൻപൂരിലെ അഹൂജ ആശുപത്രിയിൽ പൊലീസ്‌ നടത്തിയ പരിശോധനയിലാണ് നഗരത്തിലെ വിവിധ ആശുപത്രികളിൽ അനധികൃത വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടക്കുന്നതായി കണ്ടെത്തിയത്. കാൺപൂരിന് പുറമെ ലക്‌നൗ, ഡൽഹി, മുംബയ്, കൊൽക്കത്ത, നേപ്പാൾ എന്നിവിടങ്ങളിലും ഈ റാക്കറ്റ് പ്രവർത്തിച്ചിരുന്നു. ഡോക്‌ടർമാരടക്കമുള്ളവർ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ അറസ്റ്റ് ചെയ്‌തിരുന്നു. ഡോ‌ക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വൃക്ക റാക്കറ്റിലെ മുഖ്യസൂത്രധാരനായ രോഹിത്‌ തിവാരി ശസ്‌ത്രക്രിയകൾ നടത്തിയിരുന്നത്. ഇയാൾ ശസ്‌ത്രക്രിയകൾ നടത്തുന്നതുൾപ്പടെയുള്ള ചിത്രങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

സാധാരണക്കാരായ ആളുകൾക്ക്‌ പലവിധ വാഗ്‌ദാനങ്ങൾ നൽകി വൃക്കവിൽക്കാനായി ഇയാൾ നിർബന്ധിച്ചിരുന്നു. വളരെ ചെറിയ തുകയാണ് അത്തരക്കാർക്ക് രോഹിത് തിവാരി നൽകിയിരുന്നത്. ഈ വൃക്കകൾ ഇടനിലക്കാർ വഴി ആവശ്യക്കാർക്ക് വലിയ തുകയ്‌ക്ക് വിറ്റിരുന്നു. ഇവരിൽ നിന്നും അറുപത് ലക്ഷം മുതൽ ഒരുകോടി രൂപവരെ ഇയാൾ കൈക്കലാക്കിയിരുന്നു. ടെലിഗ്രാം ഉൾപ്പടെയുള്ള ആപ്പുകൾ ഉപയോഗിച്ചാണ് റാക്കറ്റ് പ്രവർത്തിച്ചിരുന്നത്.

ആംബുലൻസ് ഡ്രൈവർമാരുൾപ്പടെ റാക്കറ്റിനുവേണ്ടി പ്രവർത്തിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. ടെലിഗ്രാം വഴി പരിചയപ്പെട്ട ആംബുലൻസ് ഡ്രൈവറായ ശിവം അഗർവാളാണ് തന്നെ വൃക്കകൾ വിൽക്കാൻ പ്രേരിപ്പിച്ചതെന്ന് റാക്കറ്റിന്റെ കെണിയിലകപ്പെട്ട വിദ്യാർത്ഥി മൊഴി നൽകി. മെഗാസ്റ്റാർ അമിതാഭ് ബച്ചൻ പോലും ഒരു വൃക്കയുമായി ജീവിക്കുന്നുണ്ടെന്നും ഇപ്പോഴും സിനിമകളിൽ സജീവമാണെന്നും ശിവം തന്നോട് പറഞ്ഞെന്ന് വിദ്യാർത്ഥി മൊഴിനൽകി. വൃക്ക തകരാറിലായ ആത്മീയ നേതാവ് പ്രേമാനന്ദ് മഹാരാജിനെക്കുറിച്ചും ശിവം വിദ്യാർത്ഥിയോട് പറഞ്ഞിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, RACKET, CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY