
* പതിനഞ്ചുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ
കൊച്ചി: പോക്സോ കേസിൽ ജിം പരിശീലകനും ബൗൺസറുമായ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. പിന്നാലെ ലൈംഗിക അതിക്രമത്തിന് ഇരയായ 15 കാരി ജീവനൊടുക്കാൻ ശ്രമിച്ചു. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വിവാഹിതനും 3 കുട്ടികളുടെ പിതാവുമായ കൊട്ടാരക്കര സ്വദേശി ശരത്‌കുമാർ എന്ന അപ്പുവിനെയാണ് (31) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിൽ ശനിയാഴ്ച എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റുചെയ്തത്. വൈകിട്ട് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു, ഇന്നലെയാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. ആശുപത്രിയിൽ നിന്നാണ് പൊലീസിന് വിവരം ലഭിച്ചത്.
എറണാകുളത്ത് ഒരു പരിപാടിയിൽ പ്രതി ബൗൺസറായി എത്തിയപ്പോഴാണ് ചടങ്ങിലെത്തിയ പത്താംക്ലാസുകാരിയുമായി പരിചയപ്പെട്ടത്. ഒരുമാസം മുമ്പായിരുന്നു ഇത്. വാട്സാപ്പ് ചാറ്റിലൂടെ ഇരുവരും അടുപ്പത്തിലായി. തുടർന്ന് എറണാകുളം മറൈൻഡ്രൈവിലും പുതുവൈപ്പ് കടൽത്തീരത്തും ബൈക്കിൽ ചുറ്റിക്കറങ്ങി. ഇതിനിടെയാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്.
പെൺകുട്ടിയുടെ മാതാവ് മകളുടെ വാട്സാപ്പ് ചാറ്റ് കാണാനിടയായതാണ് സംഭവം പുറത്താകാൻ കാരണം. മാതാവിന്റെ മൊഴിയിലാണ് കേസെടുത്തത്. തുടർന്ന് കലൂരിലെ വീട്ടിൽനിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. നാട്ടിൽ ഇയാൾക്ക് മറ്റൊരു യുവതിയുമായി അടുപ്പമുള്ളതായും പൊലീസിന് വിവരം ലഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |