നഗരത്തിലെ ഹെൽത്ത് സ്‌ക്വാഡിന്റെ പരിശോധന തുടങ്ങി
തിരുവനന്തപുരം: തലസ്ഥാനത്തെ അനധികൃത സ്‌പാകൾ പൊലീസുമായി ചേർന്ന് പൂട്ടിക്കാൻ കോർപ്പറേഷൻ. ഇതിനായി നഗരത്തിലെ സ്‌പാകളുടെ വിവരശേഖരണം ആരംഭിച്ചു. ലൈൻസ് ഇല്ലാതെ പ്രവർത്തിക്കുന്നവ ഉടൻ അടപ്പിക്കാണ് നീക്കം.
പുരുഷന്മാരെ പുരുഷന്മാരും സ്ത്രീകളെ സ്ത്രീകളും തന്നെയാവണം മസാജിംഗിന് വിധേയമാക്കേണ്ടത്. എന്നാൽ പലതിലും ക്രോസ് മസാജിംഗാണ് നടക്കുന്നത്. ക്രോസ് മസാജിംഗ് ഉൾപ്പടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നഗരത്തിൽ അനുവദിക്കില്ലെന്നും മേയർ വി.വി.രാജേഷ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഇന്ന് നഗരത്തിൽ വ്യാപക പരിശോധന നടക്കും. കഴക്കൂട്ടം,കോവളം തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സമീപകാലത്ത് കൂൺ പോലെ സ്‌പാകൾ ഉയർന്നതായി കോർപ്പറേഷൻ ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ജനവാസ കേന്ദ്രങ്ങളിലും നഗരത്തിന്റെ ഹൃദയഭാഗത്തും ഇത്തരം കേന്ദ്രങ്ങൾ സജീവമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വ്യാജന്മാർ കുടുങ്ങുമെന്നാണ് വിവരം. കോർപ്പറേഷന്റെ ലൈസൻസ് നേടിയ ശേഷം അംഗീകൃത മസാജറുടെ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നവയ്ക്കെതിരെ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറാണ് നടപടിയെടുക്കേണ്ടത്.
കോർപ്പറേഷന്റെ ഹെൽത്ത് സ്‌ക്വാഡ് പരിശോധയ്‌ക്ക് എത്തുമ്പോൾ ഓരോ സ്‌പായിലും നിയമ പ്രകാരമുള്ള അംഗീകൃത മസാജറും ഡോക്ടറും ഉണ്ടെന്ന് ഉറപ്പാക്കും. ഇല്ലാത്ത കേന്ദ്രങ്ങളുടെ വിവരങ്ങൾ മെഡിക്കൽ കൗൺസിലിന് കൈമാറും. നഗരത്തിൽ 200ഓളം സ്‌പാകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക വിവരം.
പൊലീസ്, ഗുണ്ടാ ഒത്താശ !
അനധികൃത സ്‌പാകൾക്ക് ചില പൊലീസ്,ഗുണ്ടാ സംഘങ്ങളുടെ ഒത്താശയാണെന്ന് മേയർ വി.വി.രാജേഷ് വ്യക്തമാക്കി. ഇത്തരക്കാരെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. ചില ഡോക്ടർമാരും ഈ മാഫിയ സംഘത്തിനൊപ്പമുണ്ടെന്ന കണ്ടെത്തലുണ്ട്. മേയറുടെ നിർദ്ദേശ പ്രകാരം ഇന്നലെ കോർപ്പറേഷൻ സെക്രട്ടറി ഓഫീസിലെത്തി നഗരത്തിലെ സ്‌പാകളുടെ വിവരശേഖരണം ആരംഭിച്ചു.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ കോർപ്പറേഷനും പൊലീസും സംയുക്തമായി നീങ്ങും. ഇത്തരം കേന്ദ്രങ്ങൾക്ക് പിന്നിൽ അനാശാസ്യ പ്രവർത്തനങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും നടത്താമെന്ന് ഒരാളും വിചാരിക്കേണ്ട.
-വി.വി.രാജേഷ്, മേയർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |