
തിരുവനന്തപുരം: മോഷ്ടിച്ചെടുത്ത ഫോണിലെ ഗൂഗിൾ പേ വഴി ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടിയ കേസിൽ രണ്ട് യുവാക്കളെ മണ്ണന്തല പൊലീസ് അറസ്റ്റുചെയ്തു. കൊല്ലം വെസ്റ്റ് കല്ലട സ്വദേശി ഹരികൃഷ്ണൻ (28),പത്തനംതിട്ട വടശേരിക്കര സ്വദേശി സന്ദീപ് (29) എന്നിവരാണ് പിടിയിലായത്.
ഫെബ്രുവരി 2ന് വൈകിട്ട് 5.30ഓടെ കുടപ്പനക്കുന്ന് നാലാഞ്ചിറ കുരിശടി ജംഗ്ഷനിൽ നിൽക്കുകയായിരുന്ന കുടപ്പനക്കുന്ന് സ്വദേശി സന്തോഷിന്റെ (53) മൊബൈൽ ഫോണാണ് പ്രതികൾ മോഷ്ടിച്ചത്. ഈ ഫോണിലെ ഗൂഗിൾ പേ ദുരുപയോഗം ചെയ്‌ത് സന്തോഷിന്റെ സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ടിൽ നിന്ന് 31,762 രൂപ തട്ടിയെടുക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹരികൃഷ്ണനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് നിന്നും രണ്ടാം പ്രതി സന്ദീപിനെ വടശ്ശേരിക്കരയിൽ നിന്നുമാണ് പിടികൂടിയത്. മണ്ണന്തല എസ്.എച്ച്.ഒ കണ്ണൻ.കെയുടെ നേതൃത്വത്തിൽ എസ്.ഐ വിപിൻ ആർ.എസ്,എസ്.ഐ മുഹമ്മദ് യാസിൻ,എസ്.സി.പി.ഒമാരായ അനൂപ് എ.എസ്,ഷജീർ,അഭിലാഷ് വി.എസ്,സി.പി.ഒ മുജീബ്.എച്ച് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |