SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.05 PM IST

മങ്കട കൂട്ടിൽ സദാചാര കൊലപാതകം; പ്രതികൾ കുറ്റക്കാർ, ശിക്ഷ വെള്ളിയാഴ്ച വിധിക്കും

Increase Font Size Decrease Font Size Print Page

പെരിന്തൽമണ്ണ: മങ്കട കൂട്ടിലിൽ യുവാവിനെ സദാചാര ഗുണ്ടാസംഘം തല്ലിക്കൊന്ന കേസിൽ അഞ്ച് മുസ്ലീം ലീഗ് പ്രവർത്തകർ കുറ്റക്കാരാണെന്ന് മഞ്ചേരി ഒന്നാം ക്ലാസ് അഡീഷണൽ മജിസ്‌ട്രേറ്റ്. മൂന്നുപേരെ വെറുതെ വിട്ടു. ജഡ്ജ് എം.തുഷാർ ആണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികൾക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും. ഒന്ന് മുതൽ അഞ്ച് വരെ പ്രതികളായ മങ്കട കൂട്ടിൽ സ്വദേശികളായ നായകത്ത് അബ്ദുൽ നാസർ (40) സഹോദരൻ ഷറഫുദ്ദീൻ (33) പട്ടിക്കുത്ത് സുഹൈൽ (34) പട്ടിക്കുത്ത് അബ്ദുൽ ഗഫൂർ (52) പട്ടിക്കുത്ത് സക്കീർ ഹുസൈൻ (43) എന്നിവരാണ് കുറ്റക്കാർ. ആറ് മുതൽ എട്ട് വരെ പ്രതികളായ ചെണ്ണേക്കുന്നൻ ഷഫീഖ് (34) മുക്കിൽപീടിക പറമ്പാട്ട് മൻസൂർ (34) അമ്പലപ്പള്ളി അബ്ദുൽ നാസർ (35) എന്നിവരെ വെറുതേ വിട്ടു.
കൊലപാതകം, ന്യായ വിരുദ്ധമായി സംഘം ചേരൽ, സംഘം ചേർന്ന് കലാപം നടത്തൽ, ന്യായ വിരുദ്ധമായി സംഘം ചേർന്ന് മാരകായുധങ്ങളുമായി അക്രമിക്കൽ, വീട്ടിൽ അത്രിക്രമിച്ച് കയറി ആക്രമിക്കൽ തുടങ്ങിയ പ്രതികൾക്കെതിരെ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിഞ്ഞു. മൂന്നും അഞ്ചും പ്രതികളായ സുഹൈൽ, സക്കീർ ഹുസൈൻ എന്നിവർക്കെതിരെ തെളിവ് നശിപ്പിക്കൽ വകുപ്പും തെളിഞ്ഞു. 2016 ജൂൺ ആറിന് പുലർച്ചെ രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം. മങ്കട കൂട്ടിലിലെ ഒരു വീട്ടിലെത്തിയ നസീറിനെ (40) പരിസരവാസികളായ ലീഗുകാർ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാഷ്ട്രീയ വിരോധത്തിന്റെ പേരിലായിരുന്നു ആക്രമണം. അനാശാസ്യത്തിന് പോയി എന്നാരോപിച്ച് സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കൊല്ലപ്പെട്ട നസീർ ഹുസൈന്റെ സഹോദരനായ മുഹമ്മദ് നവാസ്, രണ്ടാം സാക്ഷിയായ വീട്ടുടമ എന്നിവർ ഉൾപ്പടെ 70 സാക്ഷികളുള്ള കേസിൽ 39 പേരെ വിസ്തരിച്ചു. 123 രേഖകളും 22 തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കി. പെരിന്തൽമണ്ണ സി.ഐമാരായിരുന്ന സിദ്ധീഖ്, സാജു .കെ .എബ്രഹാം എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. 2024 ഒക്ടോബർ 24നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി ജി മാത്യു ഹാജരായി.

TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY