കോഴിക്കോട്: അന്യ സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലം കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിൽ ആറ് കിലോഗ്രാമോളം കഞ്ചാവ് പിടികൂടി. മാങ്കാവിലെ വാടക വീട്ടിൽ നിന്നും ആറ് കിലോഗ്രാമോളം കഞ്ചാവുമായി ഒറീസയിലെ നയാഗർ സ്വദേശി കാർത്തിക്ക് മാലിക്ക്,ബുക്കാഡ സ്വദേശി ബിക്കാരി സെയ്തി എന്നിവരെ കസബ പൊലീസ് ഇൻസ്പെക്ടർ പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘവും നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മിഷണർ ടി.ജയകുമാറിന്റെ കീഴിലുള്ള സ്ക്വാഡും ചേർന്ന് നടത്തിയ റെയ്ഡിൽ പിടികൂടി.
കഴിഞ്ഞ ദിവസം മാങ്കാവിലെ മറ്റൊരു വീട്ടിൽ നടന്ന റെയ്ഡിൽ ഒന്നര കിലോഗ്രാമോളം കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും പൊലീസ് പിടിച്ചെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ലഹരി വസ്തുക്കൾ സൂക്ഷിച്ചു വെച്ചിട്ടുള്ള മറ്റു വാടക വീടുകളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും, ഇവർക്ക് വീടുകൾ വാടകക്ക് നൽകിയവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും വരും ദിവസങ്ങളിൽ കൂടുതൽ റെയ്ഡുകൾ നടത്തുന്നതായിരിക്കുമെന്നും എ.സി.പി ടി.ജയകുമാർ പറഞ്ഞു.ഡൻസാഫ് എസ്.ഐ ഒ.മോഹൻദാസ്, കെ.അഖിലേഷ്,ഹാദിൽ കുന്നുമ്മൽ,ശ്രീജിത്ത് പടിയാത്ത്,ജിനേഷ് ചൂലൂർ,കെ.സുനൂജ്, അർജ്ജുൻ അജിത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, കസബ പൊലീസ് സ്റ്റേഷനിലെ ശിവദാസൻ, സജീവൻ,രതീഷ്, വിഷ്ണുപ്രഭ, എന്നിവർ ചേർന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |