ഹരിപ്പാട്: ചിങ്ങോലിയിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ റിമാൻഡ് ചെയ്തു. ചിങ്ങോലി അനിതാ ഭവനത്തിൽ അർജുനാണ് (28) വെട്ടേറ്റത്. ചൂളത്തെരുവ് നടയിൽ പടീറ്റതിൽ വീട്ടിൽ ഹേമന്ത് (19), മുതുകുളം വടക്ക് രാകേഷ് ഭവനത്തിൽ രാകേഷ് (24), ചൂളത്തെരുവ് ശ്രീവത്സം വീട്ടിൽ ശിവ എസ് സുരേഷ് (20) എന്നീ പ്രതികളെയാണ് റിമാൻഡ് ചെയ്തത്.
സംഭവത്തിൽ ചിങ്ങോലി സ്വദേശി പ്രവീൺ ഉൾപ്പെടെ എട്ടുപേർക്കെതിരെ കരീലക്കുളങ്ങര പൊലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി പത്തരയോടെ അർജുൻ സുഹൃത്തിന്റെ വീട്ടിൽ നിൽക്കുമ്പോൾ മൂന്നു ബൈക്കുകളിൽ വടിവാളുൾപ്പെടെയുളള മാരകായുധങ്ങളുമായെത്തിയ സംഘമാണ് ആക്രമിച്ചത് . അർജുനെ ആലപ്പുഴയിലും തുടർന്ന്, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും കൈപ്പത്തി ഉൾപ്പെടെ അറ്റുതൂങ്ങിയതിനാൽ പിന്നീട്, എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഏതാനും ദിവസം മുമ്പ് പ്രവീൺ റോഡിലൂടെ അസഭ്യം പറഞ്ഞു പോയത് അർജുനും സഹോദരനും ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. മറ്റു പ്രതികൾ ഒളിവിൽ ആണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അവർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |