
തിരുവനന്തപുരം: പണം നൽകിയിട്ടും ഫ്ലാറ്റ് കൈമാറിയില്ലെന്ന പരാതിയിൽ മുൻ മന്ത്രിയും ആർഎസ്‌പി സംസ്ഥാന സെക്രട്ടറിയുമായ ഷിബു ബേബി ജോണിനെതിരെ കേസ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസാണ് കേസെടുത്തത്. ഷിബു ബേബി ജോണിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയിൽ ഫ്ലാറ്റ് നിർമിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്നാണ് പരാതി. കുമാരപുരം സ്വദേശി അലക്സ് നൽകിയ പരാതിയിലാണ് കേസെടുത്തത്.
ഷിബു ബേബി ജോണിന്റെ കുടുംബവും കെട്ടിട നിർമാണ കമ്പനിയും തമ്മിൽ ധാരണയുണ്ടായിരുന്നു. ഈ ധാരണ പ്രകാരം 2020ൽ പണം നൽകിയിട്ടും ഫ്ലാറ്റ് കൈമാറിയില്ലെന്നാണ് പരാതി. ആദ്യം സിവിൽ കേസാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് പരാതി എഴുതിതള്ളിയിരുന്നു. എന്നാൽ പരാതിക്കാരൻ പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയതോടെയാണ് കേസെടുത്തത്. ആൻഡ കൺസ്ട്രക്ഷൻ എന്ന നിര്‍മാണ കമ്പനിക്ക് പരാതിക്കാരൻ 15 ലക്ഷം രൂപ നൽകിയിരുന്നു.
അതേസമയം, കേസ് കൊടുത്തയാളെ ഇതുവരെ കണ്ടിട്ടുപോലുമില്ലെന്നാണ് ഷിബു ബേബി ജോൺ പ്രതികരിച്ചത്. ഫ്ലാറ്റ് ഇടപാടിൽ ഇതുവരെ ഒരുരൂപ പോലും കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 'വളരെ വിചിത്രമാണ്. കേസിനെക്കുറിച്ച് അറിഞ്ഞിട്ട് നാലഞ്ച് ദിവസമായി. പരാതിക്കാരനെ കണ്ടിട്ടുപോലുമില്ല. അവരിൽ നിന്ന് ഒരു രൂപപോലും കൈപ്പറ്റിയിട്ടില്ല. ഞങ്ങളുടെ ഭൂമിയിൽ ഒരു ഡെവലപ്പർ വന്നു. അയാളും കരാറുകാരനും തമ്മിലാണ് ഇടപാടുകൾ നടന്നത്. 2019ലാണ് കുടുംബവും ഡെവലപ്പറും തമ്മിൽ ഇടപാട് നടന്നത്.
അന്ന് നാല് ഫ്ളാറ്റുകൾ നിർമിച്ച് തരുമെന്നാണ് പറഞ്ഞത്. അതിനിടയിൽ അവർക്ക് സാമ്പത്തിക പ്രശ്നങ്ങളുണ്ടായി. അതുകൊണ്ട് എഗ്രിമെന്റിലുള്ള കാര്യങ്ങൾ അവർക്ക് പൂർത്തീകരിക്കാൻ സാധിച്ചില്ല. ഞങ്ങൾക്ക് ഒരുരൂപ പോലും കിട്ടിയിട്ടുമില്ല. ഞങ്ങളും വഞ്ചിക്കപ്പെട്ട അവസ്ഥയിലാണ്. ഫൗണ്ടേഷൻ മാത്രമാണ് നിർമിച്ചത്. പ്രോജക്ട് നിന്നുപോയി. ഡെവലപ്പറും കരാറുക്കാരനും തമ്മിൽ തർക്കമുണ്ടായി. ആ പ്രശ്നം കോടതിയിലെത്തി നിൽക്കുകയാണ്'- ഷിബു ബേബി ജോൺ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |