ബത്തേരി: കോഴിക്കോട് നിന്ന് ഒന്നര വർഷം മുമ്പ് കാണാതായ ആളുടെ മൃതദേഹം തമിഴ്നാട് അതിർത്തിയിലെ വനത്തിൽ നിന്ന് പുറത്തെടുത്തു. വയനാട് പൂമല ചെട്ടിമൂല സ്വദേശി ഹേമചന്ദ്രനാണ് (54) മരിച്ചത്. അതിർത്തിയോട് ചേർന്നുള്ള ചേരമ്പടി വനത്തിലാണ് ഹേമചന്ദ്രന്റേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തിയത്. കേരള, തമിഴ്നാട് പൊലീസിന്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്. നാലടിയോളം താഴ്ചയിൽ കുഴിച്ചിട്ടിരുന്ന മൃതദേഹം കുനിഞ്ഞിരിക്കുന്ന രൂപത്തിലായിരുന്നു.
സംഭവത്തിൽ ബത്തേരി സ്വദേശികളായ ജ്യോതിഷ്, അജേഷ് എന്നിവർ പൊലീസ് കസ്റ്റഡിയിലുണ്ട്. പ്രതികളിലൊരാളാണ് ഹേമചന്ദ്രനെ കുഴിച്ചിട്ട സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തത്. ഹേമചന്ദ്രന്റെ ഫോണുപയോഗിച്ച് പ്രതികൾ കുടുംബത്തെ കബളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിനാണ് ഇയാളെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. തുടർന്ന് അന്വേഷണം നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.
അടുത്തിടെ പ്രതികളിലൊരാളെ മോഷണക്കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയിരുന്നു. അയാളിൽ നിന്ന് ലഭിച്ച ചില സൂചനകളാണ് ഹേമചന്ദ്രന്റെ തിരോധാന വിവരം പുറത്തുവരാനിടയാക്കിയത്. ചെറുകിട ചിട്ടി നടത്തുന്നയാളായിരുന്നു ഹേമചന്ദ്രൻ. ഇയാൾ കുറച്ചാളുകൾക്ക് പണം നൽകാനുണ്ടായിരുന്നു. ഇതിനിടയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തേക്ക് വരാൻ ഹേമചന്ദ്രനോട് പ്രതികൾ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് അവർ ഹേമചന്ദ്രനെ ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. പിറ്റേദിവസം ഹേമചന്ദ്രൻ മരിച്ചു. തൊട്ടടുത്ത ദിവസം പ്രതികൾ മൃതദേഹം ചേരമ്പാടിയിലെത്തിച്ച് കുഴിച്ചിടുകയായിരുന്നുവെന്നുമാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |