മലപ്പുറം: കാട്ടുപന്നിയെ കുടുക്കാന്‍ സ്ഥാപിച്ച വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിൽ പ്രധാന പ്രതിയും കൂട്ടാളിയും കസ്റ്റഡിയിൽ. വിനീഷ് എന്നയാളാണ് കേസിലെ മുഖ്യപ്രതി. രണ്ടാം പ്രതിയായ കുഞ്ഞുമുഹമ്മദും കസ്റ്റഡിലായിട്ടുണ്ട്. ഇരുവരുടെയും അറസ്റ്റ് ഉടനുണ്ടാകും. രണ്ടുപേരും സ്ഥിരം കുറ്റവാളികൾ ആണെന്ന് നാട്ടുകാർ ആരോപിച്ചു. ഇരുവരും കെണിവച്ച് മൃഗങ്ങളെ പിടിച്ചതിനുശേഷം ഇറച്ചി വിൽക്കുകയാണ് ചെയ്യുന്നത്. ഇരുവരും ലഹരിക്ക് അടിമകളാണെന്നും പരാതിപ്പെടാൻ ഭയമുണ്ടെന്നും നാട്ടുകാർ പറയുന്നു. മനഃപ്പൂർവം അല്ലാത്ത നരഹത്യക്കാണ് ഇവർക്കെതിരെ മലപ്പുറം വഴിക്കടവ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇന്നലെ രാത്രിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. മൂന്നുപേരെയാണ് സംഭവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരാളെ ചോദ്യം ചെയ്തതിനുശേഷം വിട്ടയച്ചിരുന്നു. മലമ്പാമ്പിനെയടക്കം പ്രതികൾ പിടികൂടാറുണ്ടെന്നും ആരോപണമുണ്ട്.
മലപ്പുറം നിലമ്പൂരിനടുത്ത് വഴിക്കടവ് വെള്ളക്കട്ടയിലാണ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനന്തു (ജിത്തു,15) ആണ് മരിച്ചത്. ബന്ധുക്കളായ അഞ്ച് വിദ്യാർത്ഥികൾ ഫുട്‌ബോൾ കളിക്കുശേഷം മീൻ പിടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ജിത്തുവിനൊപ്പമുണ്ടായിരുന്ന ഷാനു, യദുകൃഷ്‌ണൻ എന്നിവർ ഷോക്കേറ്റ് ചികിത്സയിലാണ്. ഇവരുടെ നില തൃപ്‌തികരമാണെന്നാണ് വിവരം. തോട്ടിൽ കുറുകെ കമ്പിയിട്ടിരുന്നുവെന്ന് പരിക്കേറ്റ് ചികിത്സയിലുള്ള യദുകൃഷ്‌ണൻ പറഞ്ഞു. അനന്തുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് തനിക്ക് ഷോക്കേറ്റതെന്നും യദു പറഞ്ഞു. പ്രദേശത്ത് വന്യജീവി ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശത്ത് മാസങ്ങൾക്കുമുൻപ് പന്നിക്കെണിയിൽപ്പെട്ട് ഒരു തെങ്ങുകയറ്റ തൊഴിലാളിയും മരണപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |