പാലക്കാട് : കാറിൽ കടത്തുന്നതിനിടെ എം.ഡി.എം.എ പിടികൂടിയ കേസിൽ മൂന്നുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് കർക്കിടാംകുന്ന പാലക്കടവ് വടക്കൻ ഹൗസിൽ എം.ഷഫീക് (30), കോഴിക്കോട് ബേപ്പൂർ കക്കിരിക്കാട് മഹ്‌സിന ഹൗസിൽ കെ.പി. മുനാഫിസ് (29), ആലപ്പുഴ തുമ്പോളി പാലിയത്തയിൽ ഹൗസിൽ അതുല്യ റോബിൻ (24) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ഞായറാഴ്ച കാറിൽ കടത്തിക്കൊണ്ടു വരുന്നതിനിടെ 338.16 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം മേലാറ്റൂർ ചെമ്മണിയോട് എച്ച്. മുഹമ്മദ് നാഷിഫ് (39), മണ്ണാർക്കാട് അലനല്ലൂർ കർക്കിടാംകുന്ന എച്ച്, ഫാസിൽ (32) എന്നിവർ നടപ്പുണിയിൽ വച്ച് പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് എം.ഡി.എം.എ വാങ്ങാൻ പണം വാങ്ങിയ ഷഫീ്ക്കും എം.ഡി.എം.എ എത്തിച്ചു നൽകിയ ഇടനിലക്കാരായ മുനാഫിസും അതുല്യയും അറസ്റ്റിലായത്. കോയമ്പത്തൂരിൽ നിന്നാണ് മുനാഫിസിനെയും അതുല്യയെയും അന്വേഷണ സംഘം പിടികൂടിയത്. ഇവരുടെ വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്, വാഹനത്തിൽ നിന്ന് ഷെഫീക്കിന്റെ എ.ടി.എം കാർഡും എം.ഡി.എം.എ വാങ്ങുന്നതിനായി നൽകിയ ഒരു ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. ഷഫീക്കിനെ അലനല്ലൂരിൽ നിന്ന് പൊലീസ് പിടികൂടിയത്.
സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും അവർക്കായി അന്വേഷണം ഊർജിതമാക്കിയതായും കൊഴിഞ്ഞാമ്പാറ ഇൻസ്‌പെക്ടർ എം.ആർ അരുൺ കുമാർ പറഞ്ഞു.ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |