
കൊച്ചി: സ്‌കൂൾ വിദ്യാർത്ഥിയായ 15കാരനെ സമപ്രായക്കാരായ നാലുപേർ ചേർന്ന് ക്രൂരമായി മർദിച്ചു. എറണാകുളം പൈങ്ങോട്ടൂരിലാണ് സംഭവം. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ പോത്തിനിക്കാട് പൊലീസ് നാലുപേർക്കുമെതിരെ ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ 325-ാം വകുപ്പ് പ്രകാരം കേസെടുത്തു. നാലുപേരെയും ഇവരുടെ മാതാപിതാക്കളെയും ഇന്ന് രാവിലെ വിളിപ്പിച്ച് മൊഴിയെടുത്ത ശേഷമാണ് നടപടി. പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മർദിച്ചവരെ വിളിപ്പിക്കും.
ഒരാഴ്ച മുമ്പായിരുന്നു കേസിനാസ്‌പദമായ സംഭവം. പൈങ്ങോട്ടൂർ ബസ് സ്റ്റാൻഡിന് സമീപം ഉപയോഗിക്കാതെ കിടക്കുന്ന പൊലീസ് എയ്‌ഡ് പോസ്റ്റിൽ വച്ചായിരുന്നു മർദനം. മൂന്നുപേർ ചേർന്ന് വിദ്യാർത്ഥിയെ ചോദ്യം ചെയ്യുന്നതും ഇടയ്‌ക്കിടെ മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മൂന്നുപേർ ചേർന്ന് കുട്ടിയെ ക്രൂരമായാണ് മർദിക്കുന്നത്. നാലാമത്തെയാളാണ് ദൃശ്യങ്ങൾ പകർത്തിയത്.
തുടർന്ന് കുട്ടി സ്ഥലത്തുനിന്ന് ഇറങ്ങിപ്പോകുന്നത് വരെയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്. കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രക്ഷിതാക്കളെയും കുട്ടിയെയും പൊലീസ് വിളിപ്പിച്ചത്. എന്നാൽ, ഇതിൽ ചില കുട്ടികളുടെ മാതാപിതാക്കൾ കരച്ചിലായതോടെ പരാതി പറഞ്ഞുതീർക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മർദനത്തിന്റെ വീഡിയോ പ്രചരിച്ചത്. ഇതോടെ പരാതിയുമായി മുന്നോട്ട് പോകാൻ മർദനമേറ്റ കുട്ടിയുടെ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. മർദിച്ചതിൽ രണ്ടുപേർ വിദ്യാർത്ഥികളും മറ്റ് രണ്ടുപേർ പഠനം നിർത്തിയവരുമാണെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |