മുംബയ്: നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ബംഗ്ലാദേശ് സ്വദേശിയായ ഇയാൾ അഞ്ച് മാസം മുമ്പാണ് മുംബയിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ. മുഹമ്മദ് ഷരിഫുൽ ഇസ്ലാം ഷെഹ്സാദ് എന്നാണ് പ്രതിയുടെ യഥാർത്ഥ പേര്.
'മുഹമ്മദ് ഷരിഫുൾ ഇസ്ലാം ഷെഹ്സാദ് എന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതി ബംഗ്ലാദേശിൽ നിന്നാണെന്ന് സൂചിപ്പിക്കുന്ന ചില വസ്‌തുക്കൾ ഇയാളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അനധികൃതമായിട്ടാണ് ഇയാൾ ഇന്ത്യയിലെത്തിയത്. ബിജോയ് ദാസ് എന്ന് പേര് മാറ്റി.
ഇയാളുടെ പക്കൽ ഇന്ത്യൻ രേഖകളൊന്നും ഇല്ല. പാസ്‌പോർട്ട് ആക്ട് കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്. കവർച്ച നടത്താനാണ് പ്രതി നടന്റെ വീട്ടിൽ കയറിയത്. മുംബയിൽ ഹൗസ് കീപ്പിംഗ് ഏജൻസിയിൽ ജോലി ചെയ്തുവരികയായിരുന്നു. '- ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ദീക്ഷിത് ഗെദം പറഞ്ഞു.
മഹാരാഷ്ട്രയിലെ താനെയിൽ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇപ്പോൾ ചോദ്യം ചെയ്തുവരികയാണെന്ന് കമ്മീഷണർ അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് സെയ്‌ഫിന്റെ ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ പ്രതി എത്തിയത്. ആദ്യമായിട്ടാണ് ഇയാൾ സെയ്‌ഫിന്റെ വീട്ടിൽ കയറിയത്.
സെയ്ഫ് അലി ഖാന്റെ വീടിന്റെ പിറകുവശത്തുള്ള ഫയർ എക്സിറ്റ് വഴിയാണ് പ്രതി അകത്ത് കടന്നത്. ജോലിക്കാരി പ്രതിയെ കണ്ടതോടെ നിലവിളിച്ചു. ജോലിക്കാരിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നടൻ കുടുംബത്തെ രക്ഷിക്കാനായി പ്രതിയെ നേരിടുകയായിരുന്നു. ഇതിനിടയിൽ കുത്തേറ്റു. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |