കോട്ടയം: സ്‌കൂൾ വിദ്യാർത്ഥിയെ സഹപാഠികൾ നഗ്നനാക്കി ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ പരാതി നൽകി പിതാവ്. പാലാ പൊലീസിലാണ് പരാതി നൽകിയത്. പാലായിലെ സ്വകാര്യ സ്‌കൂളിലായിരുന്നു സംഭവം. പുഷ്‌പ എന്ന ചിത്രത്തിൽ നായകനെ നഗ്നനാക്കുന്നതിന്റെ ദൃശ്യങ്ങൾ അനുകരിച്ച് വീഡിയോ എടുക്കാനായാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ചതെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്.
ഈ മാസം പത്തിനാണ് കുട്ടിയെ നഗ്നനാക്കി ചിത്രങ്ങൾ പകർത്തിയത്. വ്യാഴാഴ്‌ച വീണ്ടും ചെയ്‌തപ്പോഴാണ് കുട്ടി അദ്ധ്യാപികയോട് പരാതിപ്പെട്ടത്. സഹപാഠികളായ ഏഴുപേർക്കെതിരെയാണ് പരാതി നൽകിയത്. ക്ലാസ് മുറിയിൽ അദ്ധ്യാപകരില്ലാതിരുന്ന സമയത്തായിരുന്നു സംഭവമെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. സ്‌കൂൾ അധികൃതരുടെ അനാസ്ഥയാണ് സംഭവത്തിനിടയാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, ഇക്കാര്യത്തിൽ നിയമപരമായ നടപടികളെല്ലാം സ്വീകരിച്ചുവെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് കുട്ടി ക്ലാസ് ടീച്ചറെ വിവരം അറിയിച്ചത്. ഉച്ചകഴിഞ്ഞ് സ്റ്റാഫ് മീറ്റിംഗ് വിളിച്ചു ചേര്‍ത്ത് പീഡനത്തിനിരയായ കുട്ടിയുടെയും ഉപദ്രവിച്ച ഏഴ് കുട്ടികളുടെയും മാതാപിതാക്കളെ വിളിച്ചുവരുത്തി കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തി. കുട്ടികളെ ക്ലാസില്‍ നിന്ന് പുറത്താക്കുന്നതുള്‍പ്പെടെയുള്ള ശിക്ഷാനടപടിയെടുക്കുകയും ചെയ്യുമെന്ന് രക്ഷിതാക്കളെ അറിയിച്ചുവെന്നാണ് സ്‌കൂൾ അധികൃതർ പറഞ്ഞത്.
തുടർന്ന്, വെള്ളിയാഴ്ച രാവിലെ സ്‌കൂള്‍ മാനേജരും നഗരസഭാ കൗണ്‍സിലറുമടങ്ങുന്ന എത്തിക്സ് കമ്മിറ്റി വിളിച്ചുചേര്‍ത്ത് കര്‍ശനനടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. ചൈല്‍ഡ് ലൈന്‍ അധികൃതരെയും വിദ്യാഭ്യാസ അധികൃതരെയും വിവരമറിയിക്കുകയും ചെയ്തു. പൊലീസിനും പരാതി നല്‍കി. തങ്ങള്‍ പറഞ്ഞപ്പോഴാണ് രക്ഷിതാവ് ഇക്കാര്യമറിഞ്ഞതെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
സംഭവത്തിൽ മന്ത്രി വീണാ ജോര്‍ജ് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി. കുട്ടിക്ക് അടിയന്തര കൗണ്‍സലിംഗ് നല്‍കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന് കോട്ടയം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിര്‍ദേശം നല്‍കി. സംഭവത്തില്‍ അന്വേഷണം വേണമെന്ന് പാലാ എസ്‌എച്ച്‌ഒയ്ക്ക് ഉത്തരവ് നല്‍കിയതായും കമ്മിറ്റി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |