കണ്ണൂർ: രോഗിയുമായി പോയ ആംബുലൻസിന് വഴികൊടുക്കാത്ത സംഭവത്തിൽ കാർ യാത്രികനെതിരെ കേസെടുത്തു. പിണറായി സ്വദേശി ഡോക്‌ടർ രാഹുൽ രാജ് ആണ് ആംബുലൻസിന് സൈഡ് കൊടുക്കാതെ കാറോടിച്ചത്. ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്ന വയോധിക മരണപ്പെട്ടിരുന്നു.
ആശുപത്രിയിൽ എത്താൻ വൈകിയതിനെത്തുടർന്ന് മട്ടന്നൂർ സ്വദേശി റുക്കിയ (61) ആണ് മരിച്ചത്. സംഭവത്തിൽ ആംബുലൻസ് ഡ്രൈവർ നൽകിയ പരാതിയിലാണ് കതിരൂർ പൊലീസ് കേസെടുത്തത്. രാഹുൽ രാജിൽ നിന്ന് 5000 രൂപ പിഴയും ഈടാക്കി.
ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ എരഞ്ഞോളി നായനാർ റോഡിലായിരുന്നു സംഭവം. ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് റുക്കിയയെ തലശേരിയിലെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിനിടെയാണ് രാഹുൽ രാജിന്റെ കാർ വഴിമുടക്കിയത്. അര മണിക്കൂറോളം ആംബുലൻസിന് തടസമുണ്ടാക്കി കാർ മുന്നിലുണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ച റുക്കിയ അൽപസമയത്തിനകം മരണപ്പെടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |