കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിൽ മുമ്പും ആൾക്കൂട്ട വിചാരണ നടന്നതായി റിപ്പോർട്ടുകൾ. 2019ലും 2021ലുമായിരുന്നു സംഭവങ്ങൾ. ആന്റി റാഗിംഗ് കമ്മിറ്റിയുടേതാണ് കണ്ടെത്തൽ. സീനിയർ പെൺകുട്ടികളോട് മോശമായി പെരുമാറിയെന്നാരോപിച്ചായിരുന്നു വിചാരണയും മർദനവും നടന്നത്.
സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ മൊഴിയെടുത്തപ്പോഴാണ് വിവരം പുറത്തുവന്നത്. ഇതിനുപിന്നാലെ കുറ്റാരോപിതരായ വിദ്യാർത്ഥികൾക്കെതിരെ കോളേജ് അധികൃതർ നടപടിയെടുത്തിട്ടുണ്ട്.
2019 ബാച്ച് വിദ്യാർത്ഥികളെ മർദിച്ച സംഭവത്തിൽ നാല് പേർക്ക് ഇന്റേൺഷിപ്പ് വിലക്കേർപ്പെടുത്തി. അഞ്ച് വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പും കോളേജ് റദ്ദാക്കി. 2021 ബാച്ച് വിദ്യാർത്ഥികളെ മർദിച്ച രണ്ട് പേരെ സസ്‌പെൻഡ് ചെയ്തു. ഇവരുടെയും സ്‌കോളർഷിപ്പ് റദ്ദാക്കിയിട്ടുണ്ട്.
ആന്റി റാഗിംഗ് സ്‌ക്വാഡ് കണ്ടെത്തിയ വിവരങ്ങൾ തുടരന്വേഷണത്തിനായി പൊലീസിന് കൈമാറും. ഫെബ്രുവരി 18നാണ് രണ്ടാം വർഷ ബി.വി.എസ്.സി വിദ്യാർത്ഥി നെടുമങ്ങാട് വിനോദ് നഗർ കുന്നുംപുറത്ത് പവിത്രത്തിൽ സിദ്ധാർത്ഥിനെ (21) ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വാലന്റൈൻസ് ദിനത്തിൽ കോളേജിലെ പെൺകുട്ടിയോട് സിദ്ധാർത്ഥ് അപമര്യാദയായി പെരുമാറിയെന്ന കുറ്റം ചുമത്തി ആൾകൂട്ടവിചാരണയും വിവസ്ത്രനാക്കി ക്രൂരമായി മർദിക്കുകയും ചെയ്‌തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |