തൊടുപുഴ: കാൽ നടയാത്രക്കാരനെ ബൈക്ക് ഇടിച്ച് വീഴ്ത്തി പഴ്സും മൊബൈൽ ഫോണും കവർന്ന കാപ്പാ കേസ് പ്രതിയെ റിമാൻഡ് ചെയ്തു. ഉണ്ടപ്ലാവ് സ്വദേശി കാരകുന്നേൽ വീട്ടിൽ ഷിനിൽ റസാഖിനെയാണ് (തക്കുടു- 29) റിമാൻഡ് ചെയ്തത്. ഒളിവിൽ പോയ ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ട് കൂട്ടു പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കുമാരമംഗലം കറുകയിൽ റോഡിലൂടെ കാൽനടയായി സഞ്ചരിക്കുകയായിരുന്ന മാളിയേക്കൽ വീട്ടിൽ ഷംസുദ്ദീൻ എന്ന വയോധികനെ ബൈക്കിന് ഇടിപ്പിച്ച ശേഷം പഴ്സിലുണ്ടായിരുന്ന 3000 രൂപയും മൊബൈൽ ഫോണും അപഹരിക്കുകയായിരുന്നു. ഷംസുദ്ദീന്റെ തലയ്ക്കാണ് പരിക്കേറ്റത്. സംഭവത്തെ തുടർന്ന് നാട്ടുകാർ തടഞ്ഞ് നിർത്തിയ പ്രതികളിലൊരാളെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പരിക്കേറ്റ വയോധികൻ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പ്രതികൾ കാപ്പ കേസിൽ ഉൾപ്പെട്ട് നാട് കടത്തിയവരാണ്. ജയിലിൽ നിന്ന് തിരികെ വന്ന ശേഷമാണ് വീണ്ടും അതിക്രമം നടത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |